നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലേക്ക് വിരൽചൂണ്ടി ബിഹാർ അന്വേഷണ സംഘം
text_fieldsന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി) വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ അവകാശവാദത്തിന് വിരുദ്ധമായി, ബിഹാറിലെ പട്നയിൽ രജിസ്റ്റർ ചെയ്ത കേസിൽ പേപ്പർ ചോർച്ചയിലേക്ക് വിരൽചൂണ്ടി അവിടുത്തെ അന്വേഷണ സംഘം. ആർക്കൊക്കെ ചോദ്യോത്തരക്കടലാസുകൾ ലഭിച്ചു, എവിടെ നിന്ന് ലഭിച്ചു തുടങ്ങിയ വിഷയങ്ങളിൽ തെളിവുകൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് കേസ് അന്വേഷിക്കുന്ന ബിഹാറിലെ സാമ്പത്തിക കുറ്റകൃത്യ യൂനിറ്റ് (ഇ.ഒ.യു) എ.ഡി.ജി.പി എൻ.എച്ച്. ഖാനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ആദ്യം പട്ന പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ബിഹാർ സാമ്പത്തിക കുറ്റകൃത്യ യൂനിറ്റ് ഏറ്റെടുക്കുകയായിരുന്നു. കേസിൽ, അറസ്റ്റിലായ സംഘങ്ങളിൽനിന്ന് നിരവധി പരീക്ഷാർഥികളുടെ അഡ്മിറ്റ് കാർഡുകളും സർട്ടിഫിക്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തിന് വിദ്യാർഥികൾ പണം നൽകിയെന്ന് സൂചിപ്പിക്കുന്ന ചെക്കുകളും പിടിച്ചെടുക്കുകയുണ്ടായി. നീറ്റ് കഴിഞ്ഞതിനുശേഷം ഒരു പരീക്ഷാ കേന്ദ്രത്തിൽ ചോദ്യപേപ്പറുകൾ കത്തിച്ചതായി സൂചിപ്പിക്കുന്ന തെളിവുകളും തങ്ങളുടെ പക്കലുണ്ട്. ഇതൊന്നും മതിയായ തെളിവുകളല്ല. ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു വരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പട്നയിൽ അറസ്റ്റിലായ 13 പേരിൽ നാലുപേർ നീറ്റ് പരീക്ഷ എഴുതിയവരാണ്. രാമകൃഷ്ണ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു സ്കൂളിൽ പരീക്ഷക്കുമുമ്പ് 35 പരീക്ഷാർഥികളെ ഇരുത്തി മോക്ക് പരീക്ഷ നടത്തിയിരുന്നു. അവർക്ക് ഉത്തരങ്ങളുള്ള നീറ്റ് ചോദ്യപേപ്പർ അവിടെ നിന്ന് ലഭിച്ചതായി ആപേക്ഷമുണ്ടെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
അതിനിടെ, ക്രമക്കേട് നടന്നതായി ആരോപണം ഉയർന്ന ഗുജറാത്ത് ഗോധ്രയിലെ ജയ് ജൽറാം സ്കൂൾ പരീക്ഷാ സെന്ററുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ കോച്ചിങ് സെന്റർ മേധാവിയടക്കം നാലുപേരെ ഗുജറാത്ത് പൊലീസ് വെള്ളിയാഴ്ച അറസ്റ്റു ചെയ്തു. പണം നൽകിയ പരീക്ഷാർഥികളോട്, ഉത്തരം അറിയാത്ത ചോദ്യങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടതായും പിന്നീട് ആ ഉത്തരങ്ങൾ പരീക്ഷാ സെന്ററിലെ അധ്യാപകർ പൂരിപ്പിച്ചു നൽകിയെന്നുമാണ് ആരോപണം.
ചോദ്യപേപ്പർ ചോർച്ചയിൽ പുനഃപരീക്ഷ നടത്തണമെന്നും സി.ബി.ഐ അല്ലെങ്കിൽ സ്വതന്ത്ര അന്വേഷണ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ വീണ്ടും ഹരജിയെത്തി. സി.ബി.ഐ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം ദേശീയ പരീക്ഷ ഏജൻസിയോട് (എൻ.ടി.ടി) കോടതി മറുപടി തേടിയിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ ഹരജികൾ സുപ്രീംകോടതി ജൂലൈ എട്ടിന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.