'ബിഹാർ അവസാനത്തിൽനിന്ന് നമ്പർ വൺ'; ബി.ജെ.പിയുടെ ഇരട്ട എൻജിൻ കാമ്പയിനെ പരിഹസിച്ച് തേജസ്വി യാദവ്
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ ഇരട്ട എൻജിൻ വികസന കാമ്പയിനെ പരിഹസിച്ച് രാഷ്ട്രീയ ജനത പാർട്ടി (ആർ.ജെ.ഡി) നേതാവ് തേജസ്വി യാദവ്. ദരിദ്ര സൂചിക ഉൾപ്പെടെ നീതി ആയോഗിന്‍റെ വിവിധ റിപ്പോർട്ടുകളിൽ ബിഹാർ ഏറ്റവും പിന്നിലുള്ളത് ചൂണ്ടിക്കാട്ടിയാണ് നിതീഷ് സർക്കാറിനെയും ബി.ജെ.പിയെയും അദ്ദേഹം പരിഹസിച്ചത്.
അവസാനത്തിൽനിന്ന് ബിഹാർ നമ്പർ വൺ ആണ്. നീതി ആയോഗ് റിപ്പോർട്ട് ഇതാണ് പറയുന്നത്. എല്ലാ പ്രശ്‌നങ്ങൾക്കും സംഭവങ്ങൾക്കും നിതീഷ് കുമാറിന്‍റെ അടിസ്ഥാനപരമായ മറുപടി ലളിതമാണ്. ഞങ്ങൾക്കറിയില്ല, നീതി ആയോഗിന്‍റെ റിപ്പോർട്ട് ഞങ്ങൾ കണ്ടിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. നിലവിലെ സാഹചര്യങ്ങളുടെ എ.ബി.സി.ഡി അദ്ദേഹത്തിനറിയില്ലെന്നും തേജസ്വി കുറ്റപ്പെടുത്തി.
ബിഹാറിലെ 11 കോടി ജനസംഖ്യയിൽ 52 ശതമാനവും ദരിദ്രരാണെന്ന് കഴിഞ്ഞദിവസം പുറത്തുവിട്ട നീതി ആയോഗ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പോഷകാഹാര സൂചികയിൽ 51.88 ശതമാനം ജനങ്ങളും ന്യൂനപോഷണമുള്ളവരാണ്. രണ്ടു സൂചികകളിലും ബിഹാർ ഏറ്റവും പിന്നിലാണ്.
കേന്ദ്രത്തിൽ കോൺഗ്രസിനെയാണ് തങ്ങൾ പിന്തുണക്കുന്നത്. ബിഹാറിലെ ഉപതെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനം കോൺഗ്രസിന്‍റേതായിരുന്നു. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കും. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ എ.ഐ.എം.ഐ.എം ഒരു വെല്ലുവിളിയേ അല്ല. തങ്ങൾക്ക് യു.പിയിൽ കാര്യമായ സ്വാധീനമില്ല. എ.ഐ.എം.ഐ.എമ്മിന്‍റെ കാര്യവും സമാനമാണ്. ബി.ജെ.പിയും എസ്.പിയുമാണ് അവിടെ നേരിട്ട് പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.