നിർഭയ കേസിൽ വധശിക്ഷ നടപ്പാക്കൽ ദിവസങ്ങൾക്കകം?
text_fieldsന്യൂഡൽഹി: ഏഴുവർഷം മുമ്പ് രാജ്യത്തെ നടുക്കിയ ഡൽഹി നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്ക് ദിവസങ്ങൾക്കകം വധശിക്ഷ നടപ്പാക്കിയേക്കും. ഇതിനായി തൂക്കുകയർ നിർമാണത്തിന് പേരുകേട്ട ബിഹാറിലെ ബക്സർ ജയിൽ അധികാരികൾക്ക് 10 തൂക്കുകയറുകൾ തയാറാക്കാൻ നിർദേശം നൽകി. ഡിസംബർ 14നകം നിർമിച്ചുനൽകാനാണ് കഴിഞ്ഞയാഴ്ച നിർദേശം ലഭിച്ചതെന്നും എവിടെ ഉപയോഗിക്കാനാണെന്ന് വ്യക്തമല്ലെന്നും ബക്സർ ജയിൽ സൂപ്രണ്ട് വിജയ്കുമാർ അറോറ വ്യക്തമാക്കി. ഒരു കയർ നിർമിക്കാൻ മൂന്നു ദിവസം എടുക്കും. കയർ നിർമാണത്തിൽ യന്ത്രസഹായം കുറച്ചു മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളൂ.
പാർലമെൻറ് ആക്രമണക്കേസിൽ വധശിക്ഷക്കു വിധിക്കപ്പെട്ട അഫ്സൽ ഗുരുവിനെ തൂക്കിലേറ്റാൻ ഡൽഹി പാട്യാല കോടതി നിർദേശപ്രകാരം ബക്സർ ജയിലിലായിരുന്നു കയർ നിർമിച്ചത്. അന്നും ആർക്കുവേണ്ടിയാണെന്ന് ബക്സർ ജയിൽ അധികൃതരെ അറിയിച്ചിരുന്നില്ല. അഞ്ചോ ആറോ പേർ ചേർന്നാണ് ഒരു കയർ നിർമിക്കുന്നത്. തടവുകാർ ഒരുക്കുന്ന തൂക്കുകയർ ഒന്നിന് 1725 രൂപയാണ് വില. നിർഭയ കേസിൽ മുകേഷ് സിങ്, അക്ഷയ് ഠാകുർ, വിനയ് ശർമ, പവൻ ഗുപ്ത എന്നീ നാലു പ്രതികളാണ് വധശിക്ഷ കാത്ത് ഡൽഹിയിലെ തിഹാർ ജയിലിലും മറ്റു ജയിലുകളിലുമായി കഴിയുന്നത്.
2012ൽ നടന്ന ക്രൂരകൃത്യത്തിന് തിങ്കളാഴ്ച ഏഴുവർഷം പൂർത്തിയാകും. വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി വിനയ് ശർമ രാഷ്ട്രപതിക്ക് ദയാഹരജി നൽകിയിരുന്നു. എന്നാൽ, തെൻറ അറിവോടെയല്ല ദയാഹരജി നൽകിയതെന്ന് ചൂണ്ടിക്കാട്ടി വിനയ് ശർമ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.