ബിഹാർ മദ്യ ദുരന്തം; മരണസംഖ്യ വർധിക്കുന്നതിനിടെ നേരിട്ട് അന്വേഷണം നടത്തുമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsന്യൂഡൽഹി: ബിഹാർ മദ്യ ദുരന്തത്തിൽ നേരിട്ട് അന്വേഷണം നടത്തുമെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ. ഓൺ സ്പോട്ട് അന്വേഷണത്തിനായി ഒരു സംഘത്തെ നിയോഗിക്കാൻ മനുഷ്യാവകാശ കമീഷൻ തീരുമാനിച്ചു. മരണസംഖ്യ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
അതേസമയം, വ്യാജമദ്യം കഴിച്ച് ബിഹാറിലെ രണ്ട് ജില്ലകളിലായി എട്ട് പേർ കൂടെ മരിച്ചതായി അധികൃതർ അറിയിച്ചു. സിവാൻ ജില്ലയിൽ ആറ് പേരും ബെഗുസാരായി ജില്ലയിൽ രണ്ട് മരണവുമാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്.
സരൺ ജില്ലയിൽ മാത്രം വ്യാജമദ്യം കുടിച്ച് ഇതുവരെ 60 പേർ മരിച്ചതായാണ് വിവരം. എന്നാൽ മരണസംഖ്യ 30 ആണെന്നാണ് സർക്കാരിന്‍റെ ഔദ്യോഗിക കണക്ക്. ഔദ്യോഗിക കണക്കകുളേക്കാൾ കൂടുതലാണ് മരണസംഖ്യയെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഓൺ-സ്പോട്ട് അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടത്.
ദുരന്തത്തിൽ ഇരയായവർക്ക് എന്ത് ചികത്സയാണ് സർക്കാർ നൽകുന്നതെന്ന് മനുഷ്യാവകാശ കമീഷൻ ചോദിച്ചു. ഇവരിൽ ഭൂരിഭാഗവും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്.സ്വകാര്യ ആശുപത്രികളിലെ ചെലവേറിയ ചികിത്സ താങ്ങാൻ അവർക്ക് കഴിയില്ല. അതിനാൽ സാധ്യമായ ഏറ്റവും മികച്ച ചികിത്സ അവർക്ക് ലഭ്യമാക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് വരുത്തണമെന്ന് പ്രസ്താവനയിൽ പറയുന്നു.
സരൺ മദ്യ ദുരന്തത്തിൽ ബിഹാർ സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും എൻ.എച്ച്.ആർ.സി നോട്ടീസ് അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. 2016 ഏപ്രിലിൽ ബിഹാറിൽ മദ്യത്തിന്റെ വിൽപനയും ഉപഭോഗവും പൂർണമായും നിരോധിച്ചിരുന്നു. എന്നാൽ സംസ്ഥാനത്തെ വ്യാജ മദ്യത്തിന്റെ വിൽപനയും ഉപഭോഗവും നിയമം നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിന്‍റെ തെളിവാണെന്ന് എൻ.എച്ച്.ആർ.സി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.