ബിഹാർ മദ്യദുരന്തം: മുഖ്യപ്രതി ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ
text_fieldsപൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച സ്പിരിറ്റ് വ്യാജമദ്യ നിർമാണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് എ.ഡി.ജി.പി
പട്ന: ബിഹാറിലെ സാരൺ ജില്ലയിൽ 38 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തത്തിൽ മുഖ്യപ്രതി ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ.
സംസ്ഥാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് മുഖ്യപ്രതിയായ ഹോമിയോ ഫാർമസിസ്റ്റിനെ അടക്കം അറസ്റ്റ് ചെയ്തതെന്ന് സാരൺ പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാർ പറഞ്ഞു. നേരത്തേ ഒമ്പതു പേർ അറസ്റ്റിലായിരുന്നു. ഉത്തർപ്രദേശിൽനിന്ന് രാസവസ്തുക്കൾ കടത്താനും സാരണിലെ മസ്റഖ് പ്രദേശത്ത് മദ്യവിതരണത്തിനും ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. ഹോമിയോ മരുന്നും പഞ്ചസാരയും ഉപയോഗിച്ചാണ് മുഖ്യപ്രതിയും കൂട്ടാളികളും ചേർന്ന് വ്യാജമദ്യമുണ്ടാക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
അതേസമയം, സാരണിലെ പൊലീസ് സ്റ്റേഷനുകളിൽ ഒന്നിലാണ് മദ്യദുരന്തത്തിന് കാരണമായ സ്പിരിറ്റ് സൂക്ഷിച്ചതെന്ന ആരോപണം എ.ഡി.ജി.പി ജിതേന്ദ്ര സിങ് ഗാങ്‍വാർ നിഷേധിച്ചു. രാസവസ്തുക്കൾ ഉപയോഗിച്ചാണ് മദ്യമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സ്പിരിറ്റ് ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം.
ദുരന്തത്തിന് ഇരയായവരുടെ ആന്തരാവയവ പരിശോധന റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ ഇക്കാര്യം വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു. 2016ൽ ബിഹാറിൽ മദ്യവിൽപനയും ഉപയോഗവും നിരോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.