കോവിഡ് സംശയിച്ചവരുടെ വിവരം കൈമാറിയ യുവാവിന് ദാരുണാന്ത്യം
text_fieldsപറ്റ്ന: കോവിഡിന്‍റെ പശ്ചാത്തലത്തിൽ സ്വദേശത്തേക്ക് മടങ്ങിയെത്തിയവരുടെ വിവരം അധികൃതർക്ക് കൈമാറിയ യുവാവിന് ദാരുണാന്ത്യം. ബിഹാർ സ്വദേശിയും 24കാരനുമായ ബബ് ലൂ കുമാറാണ് അക്രമിസംഘത്തിന്‍റെ മർദനമേറ്റ് മരിച്ചത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബിഹാറിലെ സീതാമാർഗി ജില്ലയിലെ മധൂൾ ഗ്രാമത്തിലാണ് സംഭവം. വൈറസ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ മധൂൾ ഗ്രാമവാസികളായ മുന്നാ മഹ്തോയും സുധീർ കുമാറും മടങ്ങിയെത്തിയിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് ഇവരെത്തിയ വിവരം ബബ് ലു അധികൃതർക്ക് കൈമാറി.
മാർച്ച് 25ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് സംഘവും വീട്ടിലെത്തുകയും ഇരുവരുടെ കുടുംബത്തെ കോവിഡ് നിർണയ പരിശോധനക്ക് വിധേയരാക്കുകയും ചെയ്തു. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകി.
ഇതിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച ബബ് ലു ആക്രമിക്കപ്പെട്ടു. ഗുരുതര പരിക്കേറ്റ ബബ് ലുവിനെ മുസാഫർപുരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുന്നായും സുധീറും ഗ്രാമത്തിലെത്തിയ വിവരം കൈമാറിയതിന്‍റെ പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്ന് ബബ് ലുവിന്‍റെ സഹോദരൻ ഗുഡു ആരോപിക്കുന്നു. ഗുഡുവിന്‍റെ മൊഴിയിൽ പൊലീസ് ആറു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
മഹാരാഷ്ട്രയിലെ പുനെയിൽ ജോലി ചെയ്തിരുന്ന ബബ് ലു രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.