വോട്ടർപട്ടികയിൽ 138 പേർക്ക് ഒരു പിതാവ്!; അപാകത കണ്ടെത്തിയത് ഉപതെരഞ്ഞെടുപ്പിന് ശേഷം
text_fieldsപട്ന: ബിഹാറിലെ തിർഹുത്ത് ഗ്രാജ്വേറ്റ് മണ്ഡലത്തിലെ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കഴിഞ്ഞതിനുശേഷം വോട്ടർപട്ടികയിൽ കണ്ടെത്തിയത് വിചിത്രവും ഗുരുതരവുമായ കണ്ടെത്തൽ. മുന്ന കുമാർ എന്ന വ്യക്തി 138 പേരുടെ പിതാവായാണ് വോട്ടർപട്ടികയിലുള്ളത്. മുസഫർപുർ ജില്ലയിലെ ഔറായ് ബ്ലോക്കിലാണ് ഈ അപാകത കണ്ടെത്തിയത്.
വിവിധ പ്രായത്തിലും മതത്തിലുംപെട്ട 138 സ്ത്രീ, പുരുഷ വോട്ടർമാരുടെ പിതാവായാണ് മുന്ന കുമാറിനെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ക്രമക്കേട് ഉണ്ടായെങ്കിലും ഇത് മൊത്തത്തിലുള്ള വോട്ടിങ് പ്രക്രിയയെ ബാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നത്.
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പരിശോധനയിൽ ഇത് തിരുത്തേണ്ടതായിരുന്നെന്നും വിഷയം അന്വേഷിക്കുമെന്നും കടുത്ത നടപടിയുണ്ടാകുമെന്നും തിർഹുത്ത് ഡിവിഷണൽ കമ്മീഷണർ പറഞ്ഞു.
വാർത്തയോട് പ്രതികരിച്ച് ജെ.ഡി.യു സ്ഥാനാർത്ഥി അഭിഷേക് ഝാ രംഗത്തെത്തി. “ഇത് അവിശ്വസനീയമാണ്. വ്യത്യസ്‌ത പ്രായത്തിലും ലിംഗത്തിലും മതത്തിലുമുള്ള വോട്ടർമാർക്ക് എങ്ങനെയാണ് ഒരേ വ്യക്തിയെ അവരുടെ പിതാവായി പട്ടികപ്പെടുത്താൻ കഴിയുക?’’ -അദ്ദേഹം ചോദിച്ചു.
വ്യാഴാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ 47.50 ശതമാനാണ് പോളിങ് രേഖപ്പെടുത്തിയത്. 2020ൽ 45.20% ആയിരുന്നു പോളിങ്. ഡിസംബർ ഒമ്പതിനാണ് ഇവിടെ വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.