വാക്സിനേഷൻ: ബിഹാറിൽ കാലി സിറിഞ്ച് ഉപയോഗിച്ച് യുവാവിനെ കുത്തിവെച്ച് നഴ്സ്; ദൃശ്യങ്ങൾ പുറത്ത്
text_fieldsപട്ന: ബിഹാറിൽ കാലിയായ സിറിഞ്ചുപയോഗിച്ച് വാക്സിനേഷൻ നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ബിഹാറിലെ ചപ്രയിലാണ് സംഭവം.
വാക്സിൻ സ്വീകരിക്കാനെത്തിയ വ്യക്തിക്ക് ഒഴിഞ്ഞ സിറിഞ്ചുപയോഗിച്ച് കുത്തിവെക്കുകയാണ് നഴ്സ്. ജൂൺ 21നാണ് സംഭവം. നഴ്സിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തി.
യുവാവ് വാക്സിൻ സ്വീകരിക്കാനെത്തിയപ്പോൾ സുഹൃത്താണ് ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തിയത്. 48കാരിയായ നഴ്സ് ചന്ദ കുമാരിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ജില്ല ഇമ്യൂണൈസേഷൻ ഒാഫിസർ ഡോ. അജയ് കുമാർ പറഞ്ഞു. 48 മണിക്കൂറിനകം വിശദീകരണം നൽകാനാണ് നിർദേശം. ഇവരെ ഡ്യൂട്ടിയിൽനിന്ന് മാറ്റി നിർത്തുകയും ചെയ്തു.
അതേസമയം, നഴ്സ് മനപൂർവം തെറ്റു ചെയ്തിട്ടില്ലെന്ന് ഡി.ഐ.ഒ പറഞ്ഞു. വാക്സിനേഷൻ സെൻററിലെ തിരക്കുമൂലം അറിയാതെ സംഭവിച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഡിയോയിൽ വാക്സിൻ ലഭിക്കാത്ത യുവാവിന് എവിടെനിന്ന്, എപ്പോൾ വേണമെങ്കിലും വാക്സിൻ സ്വീകരിക്കാൻ അവസരമൊരുക്കുമെന്നും അധികൃതർ പറഞ്ഞു.
എന്നാൽ, നഴ്സ് മനപൂർവം വാക്സിൻ നൽകാതിരുന്നല്ലെന്നും തിരക്കുമൂലം വാക്സിൻ സിറിഞ്ചിൽ നിറക്കാൻ മറന്നുപോയതാകുമെന്ന് വിഡിയോയിലെ യുവാവ് പറഞ്ഞു. കൂടാതെ നഴ്സിനെതിരെ നടപടി സ്വീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.