തമിഴ്നാട്ടിൽ ഇതരസംസ്ഥാന തൊഴിലാളികളെ ആക്രമിക്കുന്നുവെന്ന് വ്യാജ പ്രചാരണം
text_fieldsചെന്നൈ: ബിഹാർ അടക്കമുള്ള വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള അതിഥി തൊഴിലാളികൾക്കുനേരെ തമിഴ്നാട്ടിൽ വ്യാപക ആക്രമണം നടക്കുന്നതായ വ്യാജ പ്രചാരണത്തിന് പിന്നിൽ ബി.ജെ.പിയും സംഘ്പരിവാർ കേന്ദ്രങ്ങളുമാണെന്ന് ആരോപണം.
ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ഗൂഢശ്രമങ്ങളാണ് വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരം നേടിയ വിഡിയോകള്‍ വസ്തുതാവിരുദ്ധമാണെന്ന് തമിഴ്നാട് ഡി.ജി.പി സി. ശൈലേന്ദ്ര ബാബു പറഞ്ഞു. തമിഴ്നാട്ടില്‍ നേരത്തേയുണ്ടായ വ്യത്യസ്ത അക്രമസംഭവങ്ങളുടെ വിഡിയോകളാണ് നിലവില്‍ ബിഹാര്‍ സ്വദേശികള്‍ക്കെതിരായ ആക്രമണമെന്ന നിലയില്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിൽജോലി ചെയ്യുന്ന ബിഹാർ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ തൊഴിലാളികൾ ആക്രമിക്കപ്പെടുന്നതിന്റെ വ്യാജ വിഡിയോകൾ വൈറലായിരുന്നു. തുടർന്ന് തമിഴ്നാട്ടിൽ ജോലിചെയ്യുന്ന ബിഹാറിൽനിന്നുള്ള തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ തമിഴ്നാട് സർക്കാറിനോട് ആവശ്യപ്പെട്ടു.
ഇതോടെ തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ സുരക്ഷക്കാവശ്യമായ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർദേശിക്കുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് തിരുപ്പൂർ, കൃഷ്ണഗിരി, തൂത്തുക്കുടി എന്നിവിടങ്ങളിലുണ്ടായ പഴയ ചില അക്രമ സംഭവങ്ങളുടെ വിഡിയോകളുപയോഗിച്ച് വ്യാജ വീഡിയോകൾ നിർമിച്ചത് കണ്ടെത്തിയത്.
സംഭവത്തിൽ നാലു കേസുകൾ രജിസ്റ്റർ ചെയ്തതായി തമിഴ്നാട് പൊലീസ് അറിയിച്ചു. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കർ, ഓൺലൈൻ മാഗസിനായ തൻവീർ പോസ്റ്റ്, ബി.ജെ.പി വക്താവ് പ്രശാന്ത് പട്ടേൽ ഉംറാവു ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.
കുപ്രചാരണം നടത്തുന്നവരാണ് യഥാർഥത്തിൽ ദേശവിരുദ്ധരെന്നും കിംവദന്തികൾ പ്രചരിപ്പിച്ച് സമൂഹത്തിൽ പരിഭ്രാന്തി പരത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സ്റ്റാലിൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.