ബക്സറിൽ ഗംഗാതീരത്ത് അടിഞ്ഞുകൂടിയത് 150ഓളം മൃതദേഹങ്ങൾ; പ്രദേശവാസികൾ ആശങ്കയിൽ
text_fieldsബക്സർ: ബിഹാറിലെ ബക്സറിൽ ഗംഗാ തീരത്ത് കരക്കടിഞ്ഞത് അഴുകിയ നൂറുകണക്കിന് മൃതദേഹങ്ങൾ. കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ ആയിരക്കണക്കിന് പേർക്ക് ജീവൻ നഷ്ടമാകുന്നതിനിടെയാണ് ദാരുണ സംഭവം.
ചൗസ ഗ്രാമത്തിലെ ഗംഗാതീരത്തെ മഹാദേവ് ഘട്ടിൽ മാത്രം 150 അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തിയതായി പ്രദേശവാസികൾ ആരോപിച്ചു. തെരുവുനായ്ക്കളും മറ്റു മൃഗങ്ങളും കടിച്ചുവലിക്കുന്ന നിലയിലും വെള്ളത്തിൽകിടന്ന് അഴുകിയ നിലയിലുമായിരുന്നു മിക്ക മൃതദേഹങ്ങളും. നായ്ക്കൾ മൃതദേഹങ്ങൾ കടിച്ചുവലിക്കുന്നത് രോഗവ്യാപന സാധ്യത കൂട്ടുമെന്ന ആശങ്ക പ്രദേശവാസികൾ പങ്കുവെച്ചു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്ഥലമില്ലാത്തതിനാൽ ഗംഗയിൽ ഒഴുക്കിയതാകാം എന്നാണ് നിഗമനം. നിരവധി മൃതദേഹങ്ങളാണ് കരക്കടിയുന്നതെന്നും ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. ഉത്തർപ്രദേശിൽനിന്ന് മൃതദേഹങ്ങൾ ഒഴുകിയെത്തിയതാകാം എന്ന് അധികൃതർ പറഞ്ഞു. ഗംഗയുടെ തീരത്തുള്ള മറ്റു ഗ്രാമങ്ങളിൽനിന്നുള്ളവർ മൃതദേഹങ്ങൾ നദിയിൽ ഒഴുക്കിയതാകാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ശ്മശാനങ്ങളിൽ കുന്നുകൂടുന്നതും സംസ്കാര ചിലവ് ഉയർന്നതുമാണ് മൃതദേഹങ്ങൾ നദികളിൽ ഒഴുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.
'മൃതദേഹം നദികളിലൂടെ ഒഴുകുന്നത് ജനങ്ങളിലേക്ക് കോവിഡ് 19 പടരാൻ കൂടുതൽ കാരണമാകും. രാവിലെ മാത്രം 35 മുതൽ 40ഓളം മൃതദേഹങ്ങൾ കണ്ടു. ചില മൃതദേഹങ്ങൾ മുഴുവനോടെയും ചിലത് പാതി ദഹിപ്പിച്ച നിലയിലുമായിരുന്നു' -ഗ്രാമവാസികളിലൊരാൾ പറയുന്നു. സംഭവത്തിൽ ബക്സർ ജില്ല മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.