ജാതി സെൻസസിൽ ബിഹാർ കക്ഷികൾ ഒന്നിച്ച്; ബി.ജെ.പി വെട്ടിൽ
text_fieldsന്യൂഡൽഹി: ജാതി സെൻസസ് നടത്തണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും യോജിച്ച നീക്കത്തിൽ. ആർ.ജെ.ഡിയുമായി ജനതാ ദൾ-യു കൈകോർക്കുന്നത് സഖ്യകക്ഷിയായ ബി.ജെ.പിയെ വെട്ടിലാക്കി. ബിഹാറിലെയും യു.പിയിലെയും വിവിധ പ്രാദേശിക കക്ഷികൾ ജാതി സെൻസസിനുവേണ്ടി വാദിക്കുന്നവരാണ്.
ജനസംഖ്യയിലെ ജാതി അനുപാതം മനസ്സിലാക്കിയാൽ വിവിധ ക്ഷേമപദ്ധതികൾ അർഹരായ ഗുണഭോക്താക്കളിലേക്ക് കൂടുതൽ കൃത്യമായി എത്തിക്കാൻ കഴിയുമെന്നാണ് അവരുടെ നിലപാട്. ഹിന്ദുത്വത്തിന്റെ കുടനിവർത്തി വിവിധ ജാതിവിഭാഗങ്ങളെ അതിനുള്ളിൽ നിർത്താൻ ശ്രമിച്ചുപോരുന്ന ബി.ജെ.പി അതിന് എതിരാണ്. ജാതി സെൻസസ് വിഭാഗീയതക്ക് വഴിവെക്കുമെന്നാണ് അവരുടെ വാദം.
ജാതി സെൻസസിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഡൽഹി മാർച്ച് അടക്കമുള്ള പ്രക്ഷോഭത്തിലേക്ക് ആർ.ജെ.ഡി നീങ്ങുമെന്നുകണ്ടതോടെ തേജസ്വി യാദവുമായി ഒത്തുതീർപ്പിന് നിതീഷ് മുൻകൈയെടുക്കുകയായിരുന്നു.
ജെ.ഡി.യുവിന് വലിയ വോട്ടുചോർച്ച ഉണ്ടാകുമെന്ന തിരിച്ചറിവിലാണിത്. സർവകക്ഷി യോഗം വിളിച്ച് വിഷയം ചർച്ചചെയ്യാമെന്നും കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്താമെന്നുമാണ് നിതീഷിന്റെ വാക്ക്. 27ന് സർവകക്ഷി യോഗം നടന്നേക്കും. നിതീഷ് വീണ്ടും അകലുമോ എന്ന ആശങ്ക ബി.ജെ.പിക്കുണ്ട്. ആർ.ജെ.ഡിയുമായി നിതീഷ് കൈകോർത്താൽ സംസ്ഥാനത്ത് ബി.ജെ.പിയുടെ സാധ്യത പരുങ്ങലിലാവും. ജെ.ഡി.യു-ആർ.ജെ.ഡി മമത വർധിക്കുന്നുവെന്ന സംശയം മുറുകിയതാണ് കഴിഞ്ഞ ദിവസം ആർ.ജെ.ഡി നേതാക്കളുടെ വസതിയിൽ കേന്ദ്ര അന്വേഷണ ഏജൻസി റെയ്ഡ് നടക്കാൻ കാരണമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ജാതി സെൻസസിനെ കോൺഗ്രസും അനുകൂലിക്കുന്നു. ഉദയ്പൂരിൽ നടന്ന നവസങ്കൽപ് ശിബിരം ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു.
ജാതി സെൻസസ് ആവശ്യവുമായി ബന്ദ്
ന്യൂഡൽഹി: ജാതി സെൻസസ് നടത്താൻ തയാറാകാത്ത കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് അഖിലേന്ത്യ പിന്നാക്ക-ന്യൂനപക്ഷ സമുദായ ഉദ്യോഗസ്ഥ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ബുധനാഴ്ച ഭാരത ബന്ദിന് ആഹ്വാനം.
ബിഹാർ, യു.പി എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന സംഘടനയാണിത്. വോട്ടുയന്ത്രം വേണ്ട, സ്വകാര്യ മേഖലയിൽ പിന്നാക്ക സംവരണം നടപ്പാക്കണം, കാർഷികോൽപന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പു നൽകുന്ന നിയമം പാസാക്കണം തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.