ബിഹാർ കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കി
text_fieldsപട്ന: ക്രമക്കേടുകളെ തുടർന്ന് സെൻട്രൽ സെലക്ഷൻ ബോർഡ് ഓഫ് കോൺസ്റ്റബിൾസ് (സി.എസ്.ബി.സി) ഒക്‌ടോബർ ഒന്നിന് നടന്ന ബിഹാർ കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷ റദ്ദാക്കി.
ഒക്‌ടോബർ ഒന്നിന് നടന്ന പരീക്ഷക്കിടെ സത്യസന്ധതയില്ലാത്ത ഉദ്യോഗാർഥികൾ കോപ്പിയടിച്ചതായി സി.എസ്.ബി.സി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചില കേന്ദ്രങ്ങളിൽ ഉദ്യോഗാർഥികൾ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും കോപ്പിയടിക്കുന്നതിനായി ഉപയോഗിച്ചുവെന്നും അതിനാൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പരീക്ഷ മാറ്റിവെച്ചതായി പ്രസ്താവനയിൽ പറയുന്നു. ക്രമക്കേട് നടത്തിയവരെ അപ്പോൾ തന്നെ അറസ്റ്റ് ചെയ്തതായും വ്യക്തമാക്കി.
പരീക്ഷയിലെ ക്രമക്കേടുകൾ സംബന്ധിച്ച് നിരവധി പരാതികൾ ബോർഡിന് ലഭിച്ചിരുന്നു. പരീക്ഷയുടെ ധാർമികത നഷ്ടപ്പെട്ടതിനാൽ റദ്ദാക്കുന്നുവെന്നാണ് ബോർഡ് അറിയിച്ചത്. കൂടാതെ, പരീക്ഷകൾ ഒക്‌ടോബർ 7, 15 തീയതികളിൽ നടത്താനിരുന്നവയും മാറ്റിവെച്ചിട്ടുണ്ട്.
ചോദ്യപ്പേപ്പർ ചോർച്ച ബിഹാർ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അന്വേഷിക്കുന്നത്. 21 ജില്ലകളിലായി 67 എഫ്.ഐ. ആർ രജിസ്റ്റർ ചെയ്യുകയും 128 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരിൽ നിന്നും ഇലക്ട്രോണിക്ക് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അവ പരിശോധിക്കുകയാണെന്നും സംഭവത്തിൽ കൂടുതൽ അറസ്റ്റ് പ്രതീക്ഷിക്കുന്നതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.