ബിഹാർ ഫലത്തിൽ സന്തോഷം; പശ്ചിമ ബംഗാളിലും ഉത്തർപ്രദേശിലും മത്സരിക്കും - ഉവൈസി
text_fieldsഹൈദരാബാദ്: ബിഹാറിലെ വിജയത്തിന് പിന്നാലെ വരാനിരിക്കുന്ന പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന സൂചന നൽകി എ.ഐ.എം.ഐ.എം പ്രസിഡൻറ് അസദുദ്ദീൻ ഉവൈസി. ബിഹാറിലെ വിജയത്തിന് പിന്നാലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉവൈസി. ബിഹാർ വിജയത്തിൽ സന്തോഷവാനാണെന്നും സീമാഞ്ചൽ മേഖലയിലെ നീതിക്കായി പോരാടുമെന്നും ഉവൈസി കൂട്ടിച്ചേർത്തു.
ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുന്നെന്ന ആരോപണത്തോട് തങ്ങളും ഒരു രാഷ്ട്രീയപാർട്ടിയാണെന്നും മത്സരിക്കാൻ അവകാശമുണ്ടെന്നുമായിരുന്നു ഉവൈസിയുടെ മറുപടി.
''നിങ്ങൾ ഞങ്ങളോട് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നാണ് പറയുന്നത്. നിങ്ങൾ (കോൺഗ്രസ്) മഹാരാഷ്ട്രയിൽ ശിവസേനയുടെ മടിയിലാണ് ഇരിക്കുന്നത്. ഞങ്ങളെന്തിനാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഞാൻ പശ്ചിമബംഗാളിലും ഉത്തർ പ്രദേശിലുമെല്ലാം മത്സരിക്കും എന്നാണ്'' -ഉവൈസി പ്രതികരിച്ചു. മുസ്ലിം വോട്ടുകൾ നിർണായക സ്വാധീനം ചെലുത്തുന്ന ബംഗാളിലും ഉത്തർപ്രദേശിലും ഉവൈസി മത്സരിച്ചേക്കുമെന്ന വാർത്ത മമത ബാനർജിയും സമാജ് വാദി പാർട്ടിയും അടക്കമുള്ളവർ നെഞ്ചിടിപ്പോടെയാണ് വീക്ഷിക്കുന്നത്.
2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മത്സരിക്കും. ആരുമായി സഖ്യമുണ്ടാക്കുമെന്നത് അപ്പോൾ പറയുമെന്നും ഉവൈസി കൂട്ടിച്ചേർത്തു. വോട്ട് ഭിന്നിപ്പിക്കുന്ന ഉവൈസി ബി.ജെ.പിയുടെ ബി ടീമാണെന്ന് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ആരോപിച്ചിരുന്നു.
എ.ഐ.എം.ഐ.എം നിലപാടിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. മഹാസഖ്യത്തിെൻറ വോട്ടുകൾ ഭിന്നിപ്പിക്കുന്ന ഉവൈസിയുടെ പാർട്ടി, ബി.ജെ.പിയുടെ സഖ്യകക്ഷിയെപ്പോലെയാണെന്ന് ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തിയിരുന്നു. കാര്യങ്ങളെ വലിയ അളവിൽ തങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിലാക്കി മാറ്റാൻ ഉവൈസിയുെട പാർട്ടിയെ ബി.ജെ.പി ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം ആേരാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.