ബി.ജെ.പി പോസ്റ്ററുകളിൽ നിതീഷ് ഔട്ട്
text_fieldsപട്ന: നിതീഷ് കുമാറിെൻറ ഭരണനേട്ടങ്ങളെക്കുറിച്ച് വാചാലമാവുകയും എൻ.ഡി.എ ഭരണതുടർച്ചക്ക് അവസരം നൽകണമെന്ന് പ്രധാനമന്ത്രി മോദി അഭ്യർഥിക്കുകയും ചെയ്ത ശേഷവും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലൊന്നും മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇടമില്ല. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും കഴിഞ്ഞ ദിവസം ഇറങ്ങിയ പത്രങ്ങളിലെ ഒന്നാം പേജ് പരസ്യങ്ങളിലും നരേന്ദ്ര മോദിയുടെ ചിത്രവും ബി.ജെ.പി വാഗ്ദാനങ്ങളും മാത്രമാണ് നിറഞ്ഞുനിൽക്കുന്നത്.
നരേന്ദ്ര മോദി തരംഗം പരമാവധി പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നീക്കമെന്ന് ബി.െജ.പി പ്രചാരണ ക്യാമ്പ് ന്യായീകരിക്കുന്നുണ്ടെങ്കിലും നിതീഷിനെ വീണ്ടും വാഴിക്കാൻ താൽപര്യമില്ലാത്ത ബി.ജെ.പി നേതൃത്വം കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് പരസ്യങ്ങളിൽ നിന്ന് നിതീഷിനെ വെട്ടിനീക്കിയതെന്ന് സുവ്യക്തമാണ്. ഇതുവരെ പുറത്തുവന്ന അഭിപ്രായ വോട്ടെടുപ്പുകളിലെല്ലാം എൻ.ഡി.എ സഖ്യം ഭരണത്തിൽ തുടരുമെന്നായിരുന്നു പ്രവചനമെങ്കിൽ അവസാനഘട്ട സർവേകൾ സൂചിപ്പിക്കുന്നത് ബി.ജെ.പി, നിതീഷിെൻറ ജനതാദൾ യു.വിനേക്കാൾ സീറ്റുകൾ സ്വന്തമാക്കുമെന്നാണ്.
തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി-എൽ.ജെ.പി സർക്കാർ നിലവിൽ വരുമെന്നും നിതീഷിനെ ജയിലിലടക്കുമെന്നുമുള്ള എൽ.ജെ.പി നേതാവ് ചിരാഗ് പസ്വാെൻറ പ്രഖ്യാപനം കേട്ട് പുഞ്ചിരിതൂകുന്നതും ഡൽഹിയിലെയും പട്നയിലെയും ബി.ജെ.പി പ്രമുഖർ തന്നെയാണ്. ബിഹാറിലെ എൻ.ഡി.എ കക്ഷികളുടെ കൂട്ടത്തിൽ ഔദ്യോഗികമായി സ്ഥാനം നൽകിയിട്ടില്ലെങ്കിലും ലോക് ജനശക്തി പാർട്ടിയുടെ പ്രചാരണ യോഗങ്ങളിലെല്ലാം ബി.ജെ.പി പതാക പാറുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.