ബിഹാർ റെയിൽവേ ജീവനക്കാരൻ എൻജിനും ബോഗിക്കും ഇടയിൽ ചതഞ്ഞ് മരിച്ചു
text_fieldsപട്ന: റെയിൽവെ ജീവനക്കാരൻ ജോലിക്കിടെ എൻജിന്റെയും പവർ കാറിന്റെയും ഇടയിൽ കുടുങ്ങി മരിച്ചു. ശനിയാഴ്ച ബിഹാറിലെ ബറൗനി ജംഗ്ഷനിൽ ആണ് ദാരുണമായ സംഭവം. കോച്ചുകളിൽനിന്ന് എൻജിൻ വേർപെടുത്തുന്ന ജോലിക്കിടെ അമർ കുമാർ എന്നയാളാണ് മരിച്ചത്.
സംഭവത്തെ തുടർന്ന് മരിച്ചയാളുടെ ബന്ധുക്കൾ സ്ഥലത്തെത്തി. റെയിൽവേ ജീവനക്കാരുടെ അനാസ്ഥയാണ് അമറിന്റെ ദാരുണമായ മരണത്തിൽ കലാശിച്ചതെന്ന് കുടുംബം ആരോപിച്ചു. കുറ്റക്കാരായ റെയിൽവേ ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നത് വരെ പോസ്റ്റ്‌മോർട്ടം നടത്താൻ അധികൃതരെ അനുവദിക്കില്ലെന്ന് അവർ അറിയിച്ചു. സോൺപൂർ ഡിവിഷനിലെ ഡിവിഷണൽ റെയിൽവേ മാനേജർ വിവേക് ഭൂഷൺ സൂദ് സ്ഥലത്തെത്തി പ്രകോപിതരായ കുടുംബാംഗങ്ങളെ സമാധാനിപ്പിച്ചു. ഉത്തരവാദികളെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയതോടെ അവർ പ്രതിഷേധം അവസാനിപ്പിച്ചു.
രണ്ട് ‘പോയിന്‍റർ’മാരായ അമർ കുമാറും മൊഹമ്മദ് സുലൈമാനും പവർ കാറിൽ നിന്ന് എൻജിൻ വേർപെടുത്തുന്നതിനുള്ള പണിയേിലേർപ്പെട്ടിരിക്കവെയായിരുന്നു ഇത്. സംഭവത്തിന് ഉത്തരവാദി സുലൈമാനാണെന്നും തെറ്റായ സിഗ്നൽ നൽകിയത് മൂലമാണ് അപകടമെന്നാണ് റെയിൽവെയുടെ വാദം. എന്നാൽ, അപകടത്തിന് ലോക്കോ ഡ്രൈവറാണ് ഉത്തരവാദിയെന്ന് രേഖാമൂലമുള്ള നിവേദനത്തിൽ സുലെമാൻ പറഞ്ഞു.
എൻജിനെ കോച്ചുമായി ബന്ധിപ്പിക്കുന്ന ഉപകരണമായ സെന്‍റർ ബഫർ കപ്ലർ വേർപെടുത്തി താനും കുമാറും എൻജിന്റെയും പവർ കാറിന്റെയും കണക്ഷൻ വിച്ഛേദിച്ചതായി സുലെമാൻ പറഞ്ഞു. എൻജിൻ പവർ കാറിൽ നിന്ന് അൽപം അകന്നുവെന്നും തുടർന്ന് കുമാർ ബഫർ കപ്ലർ അടക്കാൻ പോയപ്പോൾ ഡ്രൈവർ തന്റെ സിഗ്നിലിനു കാത്തുനിൽക്കാതെ എൻജിൻ തിരിച്ചുവിട്ടെന്നും ഇതുമൂലം അമർ രണ്ട് ബഫറുകൾക്കിടയിൽ കുടുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ബോഗികൾ തമ്മിലുള്ള കൂട്ടിയിടിയുടെ ആഘാതം കുറക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ട്രെയിനിന്റെ എൻജിന്റെയും കോച്ചുകളുടെയും ഇരുവശങ്ങളിലും ഷോക്ക് ആഗിരണം ചെയ്യുന്ന ഉപകരണമാണ് ബഫർ.
ലഖ്‌നൗ-ബറൗണി എക്‌സ്‌പ്രസ് രാവിലെ 8.10ന് ബറൗണി ജംഗ്ഷനിൽ അവസാനിപ്പിച്ചശേഷം എൻജിൻ വേർപെടുത്തുന്ന ചുമതല സ്റ്റേഷൻ മാസ്റ്റർ കുമാറിനും സുലൈമാനിനും നൽകി. സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കമറ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം രാവിലെ 8.29 ഓടെയാണ് അപകടം നടന്നതെന്ന് കണ്ടെത്തി. എൻജിനും പവർ കാറും വേർപെടുത്തിയ ശേഷം കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.