രാമായൺ സർവകലാശാല ജൂലൈയിൽ തുടങ്ങും
text_fieldsപട്ന: രാമായൺ സർവകലാശാല ജൂലൈ മുതൽ ബീഹാറിൽ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രാമായണത്തെക്കുറിച്ചുള്ള അഞ്ച് വർഷത്തെ കോഴ്‌സും ഉപനിഷത്തുകൾ, വേദങ്ങൾ, ഗീത എന്നിവയെക്കുറിച്ചുള്ള ആറ് മാസ കോഴ്‌സുകളുമാണ് സർവകലാശാലയിൽ ഉണ്ടായിരിക്കുകയെന്ന് മഹാബീർ മന്ദിർ ട്രസ്റ്റ് സെക്രട്ടറി കിഷോർ കുനാൽ പറഞ്ഞു.
സിലബസിൽ ജ്യോതിശാസ്ത്രം, ജ്യോതിഷം, ഹിന്ദു പുരാണങ്ങൾ എന്നിവയും തമിഴ് രാമായണം, മറാത്തി രാമായണം,വാൽമീകി രാമായണം തുടങ്ങിയ വിവിധ രാമായണ പഠനങ്ങളും ഉൾപ്പെടുമെന്ന് കുനാൽ പറഞ്ഞു. ഇതുകൂടാതെ തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ രാമായണ കൈയെഴുത്തുപ്രതികളും സിലബസിൽ ഉൾപ്പെടുത്തുന്നുണ്ട്. രാമായണത്തെയും അനുബന്ധ വിഷയങ്ങളെയും കുറിച്ചുള്ള ഗവേഷണങ്ങൾ സർവകലാശാലയിൽ നടത്തുമെന്നും കാമ്പസിൽ ഐടി, വൈഫൈ സൗകര്യങ്ങൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാർ പ്രൈവറ്റ് യൂണിവേഴ്‌സിറ്റി ആക്‌ട് 2013 പ്രകാരമാണ് രാമായൺ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതെന്നും കിഷോർ കുനാൽ പറഞ്ഞു. സർവകലാശാല നിർമ്മാണത്തിന് ക്ഷേത്രം ട്രസ്റ്റ് ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് 10 ലക്ഷം രൂപ നൽകിയതായും കൊൻഹര ഘട്ട് മഠം സർവകലാശാലക്ക് 12.5 ഏക്കർ ഭൂമി അനുവദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ആദ്യത്തെ രാമായൺ സർവകലാശാലയാണ് ബീഹാറിൽ സ്ഥാപിക്കാന്‍ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.