ബിഹാർ കലാപം: 45 പേർ അറസ്റ്റിൽ; സാധാരണനില പുനഃസ്ഥാപിച്ചെന്ന് പൊലീസ്
text_fieldsപട്‌ന: രാമനവമി ആഘോഷത്തിനിടെ ബീഹാറിൽ പൊട്ടിപ്പുറപ്പെട്ട വർഗീയകലാപങ്ങളുമായി ബന്ധപ്പെട്ട് 45 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സസാറാം, ബിഹാർ ശരീഫ് പട്ടണങ്ങളിലെ വർഗീയകലാപങ്ങൾ വ്യാഴാഴ്ച രാത്രി വൈകിയും തുടർന്നു. രണ്ട് സ്ഥലങ്ങളിലും സാധാരണനില പുനഃസ്ഥാപിച്ചതായി പൊലീസ് പറയുന്നുണ്ടെങ്കിലും കനത്ത സേനാവിന്യാസം തുടരുകയാണ്. റോഹ്താസ് ജില്ലയുടെ ആസ്ഥാനമായ സസാറാമിൽ അക്രമവും തീവെപ്പുമായി ബന്ധപ്പെട്ട് 18 പേർ അറസ്റ്റിലായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയായ നളന്ദ ആസ്ഥാനമായ ബിഹാർ ശരീഫിൽ 27 പേരാണ് അറസ്റ്റിലായത്.
അതിനിടെ, കലാപബാധിത പ്രദേശമായ സസാറാമിൽ നിരോധനാജ്ഞ തുടരുന്നതിനാൽ അവിടേക്കുള്ള പര്യടനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റദ്ദാക്കി. അശോക ചക്രവർത്തിയുടെ ജന്മദിനം ആഘോഷിക്കാൻ സംഘടിപ്പിച്ച ചടങ്ങ് റദ്ദാക്കിയതിനെ തുടർന്നാണിത്. ബിഹാർ ബി.ജെ.പി അധ്യക്ഷൻ സാമ്രാട്ട് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച വൈകീട്ട് പട്നയിലെത്തുന്ന ഷാ ഞായറാഴ്ച നവാഡ ലോക്‌സഭ മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്ന് ചൗധരി പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ ക്രമസമാധാനനില മോശമാണെന്ന ബി.ജെ.പിയുടെ ആരോപണത്തിനെതിരെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്തെത്തി. ശനിയാഴ്ച ഇവിടെ മാധ്യമപ്രവർത്തകരോട് സംവദിച്ച നിതീഷ്, കലാപം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സസാറം പര്യടനം റദ്ദാക്കിയതിനെ നിസ്സാരമെന്ന് തള്ളി. ‘അദ്ദേഹം എന്തിനാണ് വരുന്നതെന്ന് എനിക്കറിയില്ല. എന്തിനാണ് വരാൻ തീരുമാനിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല’ എന്നായിരുന്നു നിതീഷിന്റെ പ്രതികരണം. സംസ്ഥാനത്തെ സാമുദായിക സൗഹാർദം തകർക്കാൻ ഞങ്ങൾ അനുവദിക്കില്ല. കലാപനീക്കം അസ്വാഭാവികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് പട്ടണങ്ങളിലും വർഗീയ കലാപങ്ങളിൽ വാഹനങ്ങളും വീടുകളും കടകളും കത്തിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.