ബീഹാറിൽ ബി.ജെ.പിയും ജെ.ഡി.യും 17 സീറ്റുകളിൽ മൽസരിക്കും; എൽ.ജെ.പിക്ക് 6 സീറ്റ്
text_fieldsന്യൂഡൽഹി: 2019ലെ പൊതുതെരഞ്ഞെടുപ്പിന് ബിഹാറിൽ എൻ.ഡി.എ സീറ്റ് വിഭജനം പ്രഖ്യാപിച്ചത ിനിടയിൽ മുന്നണി വിട്ട ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാർട്ടി (ആർ.എൽ. എസ്.പി) ബി.ജെ.പിയെ തോൽപിക്കാനുള്ള വിശാല സഖ്യത്തിെൻറ ഭാഗമാകുമെന്ന് പ്രഖ്യാപിച്ചു. ബിഹാറിൽ ജനതാദൾ-യുവിന് ബി.ജെ.പിയെപോലെ 17 സീറ്റും ഒരു എം.പി മാത്രമുണ്ടായിരുന്ന രാം വിലാസ് പാസ്വാെൻറ ലോക്ജനശക്തി പാർട്ടിക്ക് ആറ് സീറ്റും നൽകുമെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ അറിയിച്ചു. ബിഹാറിൽ ആകെ 40 ലോക്സഭ സീറ്റുകളാണുള്ളത്. ലോക് ജനശക്തി പാർട്ടി നേതാവ് പാസ്വാനും എൻ.ഡി.എക്കുമിടയിൽ സീറ്റ് ധാരണയെ ചൊല്ലി രൂപം െകാണ്ട ഉടക്ക് ഒരാഴ്ച പിന്നിട്ടപ്പോഴാണ് പരിഹരിക്കപ്പെട്ടത്.
ജനതാദൾ -യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ എൽ.ജെ.പി നേതാക്കളായ രാം വിലാസ് പാസ്വാൻ, മകൻ ചിരാഗ് പാസ്വാൻ എന്നിവരുടെ സാന്നിധ്യത്തിൽ ഞായറാഴ്ച രാവിലെ അമിത് ഷായുടെ വസതിയിലാണ് സീറ്റ് ധാരണ പ്രഖ്യാപിച്ചത്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നേരത്തേ വാഗ്ദാനം ചെയ്ത അസമിലെ രാജ്യസഭ സീറ്റ് ലോക്ജനശക്തി പാർട്ടിക്ക് വിട്ടുനൽകാതിരുന്നതാണ് പാസ്വാനെ ചൊടിപ്പിച്ചത്. തുടർന്ന് പാസ്വാൻ മുന്നണി വിടുമെന്ന ഘട്ടത്തിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി വെള്ളിയാഴ്ച ഒത്തുതീർപ്പ് ചർച്ച നടത്തി പ്രശ്ന പരിഹാര ഫോർമുലയുണ്ടാക്കുകയായിരുന്നു. അമിത് ഷാ ദേശീയ രാഷ്ട്രീയത്തിലെത്തിയ ശേഷം ആദ്യമായാണ് എൻ.ഡി.എയിൽ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ നേതൃത്വത്തിന് അരുൺ ജെയ്റ്റ്ലിയുടെ സഹായം തേടേണ്ടിവന്നത്.
ഞായറാഴ്ച സീറ്റ് ധാരണ ഒൗദ്യോഗികമായി അമിത് ഷാ പ്രഖ്യാപിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച പാസ്വാൻ സഖ്യം മുന്നോട്ടുപോകുന്നതിൽ ജെയ്റ്റ്ലി വഹിച്ച പങ്ക് അദ്ദേഹത്തിെൻറ സാന്നിധ്യത്തിൽ എടുത്തുപറഞ്ഞു. ചിരാഗ് പാസ്വാൻ രാഹുൽ ഗാന്ധിയെ കഴിഞ്ഞ ആഴ്ച പുകഴ്ത്തിയതിൽ പ്രത്യേകമായി ഒന്നുമില്ലെന്നും പാസ്വാൻ പറഞ്ഞു. അസമിൽ വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റ് നൽകാത്തതിനെ തുടർന്ന് ഉടക്കിയ രാം വിലാസ് പാസ്വാനെ അനുനയിപ്പിക്കാൻ ബി.ജെ.പിക്ക് ഒടുവിൽ വഴങ്ങേണ്ടി വരുകയായിരുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാസ്വാെൻറ ലോക്ജനശക്തി പാർട്ടിക്ക് നേരത്തേ വാഗ്ദാനം ചെയ്ത നാല് സീറ്റുകൾക്ക് പുറമെ ആർ.എൽ.എസ്.പി മത്സരിച്ചിരുന്ന രണ്ടു സീറ്റുകൾ കൂടി നൽകി. ഇതിന് പുറമെ അസമിൽനിന്ന് പാസ്വാെന രാജ്യസഭയിലെത്തിക്കുകയും ചെയ്യുമെന്നാണ് സൂചന.
അതേസമയം, 2019ൽ ബി.ജെ.പിയെ തോൽപിക്കാനുള്ള വിശാല സഖ്യത്തിെൻറ ഭാഗമാകുമെന്ന് വൈകീട്ട് പട്നയിൽ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് തേജസ്വി യാദവിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ കുശ്വാഹ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.