കനയ്യ കുമാർ സന്ദർശിച്ചു, പിന്നാലെ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധിയാക്കി; വിമർശനവുമായി കോൺഗ്രസ്
text_fieldsപട്‌ന: കോൺഗ്രസ് നേതാവ് കനയ്യ കുമാർ സന്ദർശനം നടത്തിയതിന് പിന്നാലെ ദുർഗാ ക്ഷേത്രം ഗംഗാ ജലം തളിച്ച് വൃത്തിയാക്കിയെന്ന് ആരോപണം. ബിഹാറിലെ സഹർസ ജില്ലയിലെ ബാൻഗാവിലെ ഭഗവതിസ്ഥനിലെ ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
കുടിയേറ്റം നിർത്തൂ, ജോലി നൽകൂ എന്ന മുദ്രാവാക്യമുയർത്തി ബിഹാറിലുടനീളം റാലി നടത്തുകയാണ് കനയ്യ ഇപ്പോൾ. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം അദ്ദേഹം ബാൻഗാവിലെത്തുകയും പ്രദേശത്തെ ക്ഷേത്രം സന്ദർശിക്കുകയും ചെയ്തത്. ക്ഷേത്രപരിസരത്തെ മണ്ഡപത്തിൽവെച്ച് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു.
കനയ്യ മടങ്ങി പിറ്റേന്ന് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ഒരു സംഘമെത്തി ഈ മണ്ഡപത്തിൽ ഗംഗാജലം തളിച്ച് വൃത്തിയാക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ പുതിയ വിവാദം ഉയർന്നിരിക്കുകയാണ്.
ആർ.എസ്.എസും ബി.ജെ.പിയും പിന്തുണയ്ക്കുന്നവർ മാത്രമാണോ ഭക്തർ എന്ന ചോദ്യവുമായി കോൺഗ്രസ് വക്താവ് ഗ്യാൻ രഞ്ജൻ ഗുപ്ത രംഗത്തെത്തി. ബാക്കിയുള്ളവർ തൊട്ടുകൂടാത്തവരാണോ എന്ന് ഞങ്ങൾക്ക് അറിയണം. ബി.ജെ.പി ഇതര പാർട്ടികളെ പിന്തുണയ്ക്കുന്നവരെ തൊട്ടുകൂടാത്തവരായി കണക്കാക്കുന്ന പുതിയ തീവ്ര സംസ്‌കൃതവൽക്കരണ കാലഘട്ടത്തിലേക്ക് നമ്മൾ പ്രവേശിച്ചോ എന്നും അദ്ദേഹം ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.