ബിഹാറിൽ ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു
text_fieldsപട്ന: ബിഹാറിൽ ദുർഗ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. സംഘർഷത്തിന് പിന്നാലെ സുപ്പി പൊലീസ് സ്റ്റേഷൻ പരിധിയിലെ ദെങ് ഗ്രാമത്തിലെ ആളുകൾ തെരുവുകൾ ഉപരോധിക്കുകയും ടയറുകൾക്ക് തീയിടുകയും ചെയ്തു. സംഭവത്തിൽ ഉടൻ നീതി ലഭിക്കണമെന്ന് പറഞ്ഞ അവർ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർ സംഘർഷങ്ങൾ തടയാനുള്ള നീക്കങ്ങളും തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ദുർഗാദേവിയുടെ വിഗ്രഹം നിമജ്ജനം ചെയ്ത് ഒരു കൂട്ടർ മടങ്ങുന്നതിനിടെ മറ്റൊരു വിഭാഗവുമായി വാക്തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളും പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടെ സംഘർഷമുണ്ടാവുകയും ആളുകൾക്ക് കുത്തേൽക്കുകയും ചെയ്യുകയായിരുന്നുവെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ രാം കൃഷ്ണ പറഞ്ഞു.
സംഘർഷത്തിൽ തലേവർ സഹാനി, ഭാരത് സഹാനി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസുമായി ബന്ധപ്പെട്ട് 20 പേരെ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവർക്കെതിരെ കൊലപാതക കുറ്റം അടക്കം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും കുറ്റക്കാരായ ആരെയും വെറുതെ വിടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.