പിതാവിന്‍റെ വിയോഗത്തിൽ സാന്ത്വനമായി-ബിഹാറിന്‍റെ 'സൈക്കിൾ പെൺകുട്ടി' കാത്തിരിപ്പിലാണ്; പ്രിയങ്ക ഗാന്ധിയെ കാണാൻ...
text_fieldsപട്‌ന: ജ്യോതികുമാരിയെ ഓർമ്മയില്ലേ? ബിഹാറിന്‍റെ 'സൈക്കിൾ പെൺകുട്ടി'യെ? കോവിഡ് ഒന്നാം തരംഗത്തിലെ അപ്രതീക്ഷിത ലോക്ഡൗണിൽ രോഗിയായ അച്ഛൻ മോഹൻ പാസ്വാനെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ബിഹാറിലെ ദർഭഗംഗയിലേക്ക് സൈക്കിളിൽ എത്തിച്ച് വാർത്തകളിൽ ഇടംനേടിയിരുന്നു ജ്യോതികുമാരി. 1200ഓളം കിലോമീറ്ററാണ് പിതാവിനെയും പിന്നിലിരുത്തയി ജ്യോതി സൈക്കിൾ ചവിട്ടിയത്. 2020 മേയ് 18നായിരുന്നു ഇത്.
കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ കോവിഡിന്‍റെ രണ്ടാംതരംഗത്തിൽ ജ്യോതിക്ക് പക്ഷേ, പിതാവിനെ നഷ്ടമായി. തിങ്കളാഴ്ചയാണ് രോഗം ബാധിച്ച് മോഹൻ പാസ്വാൻ മരിച്ചത്. കുടുംബത്തിന്‍റെ നെടുംതൂണായിരുന്ന പിതാവ് മരിച്ചതോടെ പ്രതിസന്ധിയിലായ ജ്യോതികുമാരിക്ക് സഹായവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞദിവസം ജ്യോതിയെ ഫോണില്‍ വിളിച്ച് പ്രിയങ്ക സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ജ്യോതിയുടെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് പ്രിയങ്കയുടെ ഇടപെടലുണ്ടായത്. കുടുംബത്തിന്‍റെ എല്ലാ ചെലവുകളും ജ്യോതിയുടെ വിദ്യാഭ്യാസവും മറ്റുകാര്യങ്ങളും പ്രിയങ്ക ഏറ്റെടുത്തിട്ടുണ്ട്.
അപ്പോളാണ് പ്രിയങ്കയെ നേരിൽ കാണണമെന്ന ആഗ്രഹം ജ്യോതി പങ്കുവെച്ചത്. കോവിഡ് മഹാമാരിക്ക് ശേഷം ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ചക്കുള്ള അവസരം ഉണ്ടാക്കാമെന്ന് പ്രിയങ്ക ഉറപ്പ് നൽകുകയും ചെയ്തു. ആ നാളിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് താനെന്ന് ജ്യോതി പറയുന്നു.
പിതാവിനെയും പിന്നിലിരുത്തിയുള്ള ജ്യോതിയുടെ യാത്ര മുന്‍ യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മകള്‍ ഇവാന്‍ക ട്രംപിന്‍റെയടക്കം നിരവധി പ്രമുഖരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതോടെയാണ് 'ബിഹാറിന്‍റെ സൈക്കിള്‍ പെണ്‍കുട്ടി' എന്ന വിശേഷണവും ജ്യോതിക്ക് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.