ബിക്കാനീർ ഭൂമി കേസ്: വാദ്രയുടെ 4.62 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
text_fieldsആദ്യം ചോദ്യംചെയ്യൽ; ശേഷം സ്വത്തു കണ്ടുകെട്ടൽ
ബിക്കാനീർ ഭൂമി ത ട്ടിപ്പുകേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുമായി ബന്ധമുള്ള ‘സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി’യുടെ അധീനതയിലുള്ള 4.62 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഇതിൽ കേസുമായി ബന്ധപ്പെട്ട മറ്റു നാലുപേരുടെ 18,59,500 രൂപയുടെ സ്വത്തും ഉൾപ്പെടും. പണം തട്ടിപ്പ് വിരുദ്ധ നിയമപ്രകാരമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഇതു സംബന്ധിച്ച താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചത്.
ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ ഇ.ഡി, വാദ്രയെയും മാതാവിനെയും കഴിഞ്ഞ ദിവസം ജയ്പൂരിൽ ചോദ്യം ചെയ്തിരുന്നു. 2015ലാണ് വിവാദ ഇടപാട് നടക്കുന്നത്. ഭൂമി അനുവദിച്ചതിലെ പ്രശ്നങ്ങൾ കാണിച്ച് ബിക്കാനീർ തഹസിൽദാർ നൽകിയ പരാതിയെ തുടർന്ന് രാജസ്ഥാൻ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് വിഷയത്തിൽ ഇ.ഡി അന്വേഷണം നടത്തുന്നത്. ഇന്ത്യ-പാക് അതിർത്തിക്കടുത്താണ് ഇൗ ഭൂമി സ്ഥിതി ചെയ്യുന്നത്. ബിക്കാനീറിലെ 34 ഗ്രാമങ്ങൾ ‘മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചി’നുവേണ്ടി കേന്ദ്ര സർക്കാർ ഏറ്റെടുത്തിരുന്നു.
ഇവിടെനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭൂമി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും ചെയ്തു. ഇൗ ഭൂമിയിലെ ചില ഭാഗങ്ങൾ ജയ് പ്രകാശ് ബഗർവ എന്നയാളും ചില ഉദ്യോഗസ്ഥരും ചേർന്ന് കൈവശപ്പെടുത്തി മറിച്ചുവിറ്റു. ഇങ്ങനെ ഭൂമി വാങ്ങിയവരിൽ ‘സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി’യും പെടും. ഇവർ 69.55 ഹെക്ടർ ഭൂമി 72 ലക്ഷത്തിന് വാങ്ങി 5.15 കോടിക്ക് മറ്റൊരു കമ്പനിക്ക് വിറ്റതായി ഇ.ഡി ആരോപിക്കുന്നു. ഇൗ കേസിൽ ഇ.ഡി ഒമ്പതുപേർക്കെതിരെയാണ് കുറ്റപത്രം തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.