മൈസൂരു-ബംഗളൂരു അതിവേഗപാതയിൽ ബൈക്കുകൾക്കും ഓട്ടോകൾക്കും നിരോധനം
text_fieldsബംഗളൂരു: മൈസൂരു-ബംഗളൂരു അതിവേഗപാതയിൽ ആഗസ്റ്റ് ഒന്നുമുതൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം. പാതയിൽ അപകടങ്ങൾ കൂടുകയും ഇടക്കിടെ യാത്രക്കാർ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. ട്രാക്ടറുകൾ, മൾട്ടി ആക്സിൽ ഹൈഡ്രോളിക് ട്രെയിലർ വാഹനങ്ങൾ എന്നിവക്കും നിരോധനമുണ്ട്. അതിവേഗത്തിൽ ഓടുന്ന വാഹനങ്ങൾക്ക് പതുക്കെ പോകുന്ന ഓട്ടോറിക്ഷകൾ, ബൈക്കുകൾ, ട്രാക്ടറുകൾ തുടങ്ങിയവ തടസ്സം ഉണ്ടാക്കുന്നുവെന്നും അവ മറ്റു വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കുന്നതായും ഇതിനാലാണ് ഇത്തരം വാഹനങ്ങളെ നിരോധിക്കുന്നതെന്നും അതോറിറ്റി അറിയിപ്പിൽ പറയുന്നു.
കഴിഞ്ഞ നാലു മാസങ്ങൾക്കിടെ 84 അപകടങ്ങളിലായി നൂറുപേരാണ് പാതയിൽ മരിച്ചത്. 223 അപകടങ്ങളിലായി 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര അടുത്തിടെ നിയമസഭയെ അറിയിച്ചിരുന്നു. ഈ വർഷം മാർച്ച് 12 വരെ 100 പേരാണ് മരിച്ചത്. 150 പേർക്ക് 308 അപകടങ്ങളിലായി ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്തത് മാർച്ച് 12നാണ്. ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പേ പാത ഭാഗികമായി തുറന്നുകൊടുത്തിരുന്നു. പാതയിൽ ചന്നപട്ടണ മുതൽ മാണ്ഡ്യ വരെയുള്ള ഭാഗത്താണ് കൂടുതൽ അപകടമരണങ്ങൾ നടന്നത്. ജൂൺ 30 വരെ ഈ ഭാഗത്ത് 172 അപകടങ്ങളിലായി 49 പേരാണ് മരിച്ചത്. സർവിസ് റോഡുകൾ, സുരക്ഷ-സൂചക ബോർഡുകൾ, പൊലീസ് സുരക്ഷ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ കഴിഞ്ഞ ബി.ജെ.പി സർക്കാർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി പെട്ടെന്ന് പാത ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്ന ആരോപണം നിലനിൽക്കുന്നുണ്ട്.
ഇത്രയധികം വേഗമുള്ള ഒരു പാതക്ക് ആവശ്യമായ രൂപത്തിൽ ഇവിടെ സൂചന ബോർഡുകൾ ഇല്ലെന്ന് ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി എ.ഡി.ജി.പി അലോക് കുമാർ പറയുന്നു. വളഞ്ഞുപുളഞ്ഞുകിടക്കുന്ന പാതയുടെ പ്രത്യേകതയും അപകടത്തിനിടയാക്കുന്നു. വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയും വലിയ അളവിൽ അപകടങ്ങൾക്കിടയാക്കുന്നുണ്ട്. 8480 കോടി രൂപയാണ് 118 കിലോമീറ്ററുള്ള പാതയുടെ നിർമാണ ചെലവ്.
പ്രധാന ഗതാഗതത്തിനായി ആറുവരിപ്പാതയും ഇരുവശത്തുമായി രണ്ടുവീതം സർവിസ് റോഡുകളുമാണുള്ളത്. പണി പൂർത്തിയായ ഭാഗങ്ങൾ ഉദ്ഘാടനത്തിന് മുമ്പുതന്നെ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. അന്നുമുതൽ അപകടങ്ങളും ഏറി. ഒമ്പത് വലിയ പാലങ്ങൾ, 42 ചെറിയ പാലങ്ങൾ, 64 അടിപ്പാതകൾ, 11 മേൽപാതകൾ, അഞ്ച് ബൈപാസുകൾ എന്നിവയടങ്ങിയതാണ് അതിവേഗപാത.
പാതയിൽ യാത്ര ചെയ്യാൻ വൻതുകയാണ് ടോളായി നൽകേണ്ടത്. ഇതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. അതിവേഗപാതയിലെ കൂടിയ വേഗം മണിക്കൂറിൽ 80 കിലോമീറ്ററിനും 100 കിലോമീറ്ററിനും ഇടയിലാണ്. വാഹനങ്ങളുടെ അതിവേഗം കണ്ടുപിടിക്കാനും നിയമനടപടി സ്വീകരിക്കാനും ഈയടുത്ത് പൊലീസ് മൊബൈൽ സ്പീഡ് റഡാർ ഗൺ സ്ഥാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.