ഭീകരവാദത്തിന്‍റെ ഇരകളായ ഇന്ത്യ പാകിസ്താനുമായി ചർച്ച നടത്തില്ല -വിദേശകാര്യ മന്ത്രി
text_fieldsബെനൗലിം (ഗോവ): പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭുട്ടോ സർദാരിക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ്. ജയ് ശങ്കർ. ഭീകരവാദ വ്യവസായത്തിന്റെ രക്ഷാധികാരിയും ന്യായീകരിക്കുന്നയാളും വക്താവുമായി പാക് മന്ത്രി മാറിയതായി ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലെ (എസ്.സി.ഒ) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് പിന്നാലെ ജയ്ശങ്കർ പറഞ്ഞു.
ഭീകരവാദം തടയുന്നതുമായി ബന്ധപ്പെട്ട് ബിലാവലിന്റെ അഭിപ്രായങ്ങളോടാണ് വിദേശകാര്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. ഭീകരവാദ വിഷയത്തിൽ പാകിസ്താന്റെ വിശ്വാസ്യത അവിടത്തെ വിദേശനാണ്യ വിനിമയ ശേഖരത്തേക്കാൾ വേഗത്തിൽ താഴുകയാണെന്നും ജയ്ശങ്കർ വിമർശിച്ചു.
ഭീകരവാദത്തിന്റെ ഇരകളായ ഇന്ത്യ ഭീകരവാദം നടത്തുന്ന പാകിസ്താനുമായി ചർച്ച നടത്തില്ല. ജമ്മു-കശ്മീർ അന്നും ഇന്നും എന്നും ഇന്ത്യയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ ബഹുകക്ഷി നയതന്ത്രത്തിന്റെ ഭാഗമായി മാത്രമാണ് പാക് മന്ത്രി ഇന്ത്യയിലെത്തിയത്. അതിനപ്പുറം മറ്റൊന്നും കാണേണ്ടതില്ല. ഷാങ്ഹായ് സഹകരണ കൂട്ടായ്മ അംഗരാഷ്ട്ര പ്രതിനിധി എന്ന നിലയിലാണ് ബിലാവലിനെ പരിഗണിച്ചതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
അതിർത്തി കടന്നെത്തുന്നതടക്കമുള്ള മുഴുവൻ തീവ്രവാദങ്ങളും അവസാനിപ്പിക്കണമെന്നും ഭീകരപ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിന്റെ ഉറവിടം തടയണമെന്നും നേരത്തെ ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലെ (എസ്.സി.ഒ) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുന്നതിനിടെ എസ്. ജയ്ശങ്കർ പറഞ്ഞു.
നമ്മുടെ ജനങ്ങളുടെ കൂട്ടായ സുരക്ഷ നമ്മുടെ സംയുക്ത ഉത്തരവാദിത്തമാണെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. ഭീകരർ കൊന്ന ഒരമ്മയുടെ മകനാണ് താനെന്നും മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സാധാരണനിലയിലല്ലെന്നും അതിർത്തി പ്രദേശങ്ങളിൽ സമാധാനം ഉണ്ടാകാത്തിടത്തോളം അത് സാധാരണനിലയിലാകില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു. ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് ശേഷം വാർത്താ ഏജൻസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻ ലഡാക്ക് അതിർത്തി തർക്കം പരിഹരിക്കേണ്ടതിന്റെയും നിയന്ത്രണ രേഖയിൽ സമാധാനം നിലനിർത്തേണ്ടതിന്റെയും ആവശ്യകത ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങിനോട് ജയ്ശങ്കർ പറഞ്ഞിരുന്നു.
കൈ കൊടുക്കാതെ കൈകൂപ്പി
രണ്ടുദിവസത്തെ ഷാങ്ഹായ് കൂട്ടായ്മ സമ്മേളനത്തിന്റെ അവസാന ദിനമായ വെള്ളിയാഴ്ച വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയടക്കമുള്ളവരെ സ്വീകരിച്ചത് കൈകൊടുക്കാതെ. ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് അടക്കമുള്ളവരെയും നമസ്തേ പറഞ്ഞ് കൈകൂപ്പിയാണ് ജയ്ശങ്കർ സ്വീകരിച്ചത്. വ്യാഴാഴ്ച കൈകൊടുത്തായിരുന്നു സ്വീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.