ബിൽക്കീസ് ബാനു കേസ്: കുറ്റവാളികളുടെ ക്രൂരത സുപ്രീംകോടതിയിൽ വിവരിച്ച് കപിൽ സിബൽ
text_fieldsന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾ ചെയ്ത ക്രൂരതയുടെ കാഠിന്യം സുപ്രീംകോടതിക്ക് മുമ്പാകെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വിവരിച്ചു. കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സർക്കാറിന്റെ തീരുമാനത്തിനെതിരെ ഹരജി നൽകിയ സി.പി.എം നേതാവ് സുഭാഷിണി അലിക്കുവേണ്ടി കോടതിയിൽ ഹാജരായപ്പോഴായിരുന്നു സിബലിന്റെ വിശദീകരണം.
ഗുജറാത്ത് വംശഹത്യക്കിടെ അനേകമാളുകൾ കൊല്ലപ്പെടുകയും വീടുകൾ കൊള്ളയടിക്കപ്പെടുകയും ചെയ്തത് കണ്ട് 2002 ഫെബ്രുവരി 28ന് മുസ്ലിംകൾ പലായനം ചെയ്യുകയായിരുന്നു. ബിൽക്കീസ് ബാനുവും അവരുടെ കുടുംബവും ഒരു ഗ്രാമത്തിൽനിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് എന്ന തരത്തിൽ ജീവനുംകൊണ്ടോടുകയായിരുന്നു. മറ്റൊരു ഗ്രാമത്തിലെത്തിയപ്പോൾ കൂടെയുണ്ടായിരുന്ന പൂർണ ഗർഭിണിയായ ബിൽക്കീസിന്റെ അനന്തരവൾ ശമീം അന്നു രാത്രി പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ, അവിടെയും സുരക്ഷിതമല്ലെന്ന് കണ്ട് പിറ്റേന്ന് പുലർച്ച അവിടെ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് രക്ഷപ്പെടുന്നതിനിടയിലാണ് രണ്ടു വാഹനങ്ങളിലായി വന്ന 25ഓളം പേർ ബിൽക്കീസിനെയും സംഘത്തെയും തടഞ്ഞുനിർത്തി മുസ്ലിംകളെ കൊല്ലൂ എന്നാവശ്യപ്പെട്ടത്. അവരുടെ കൈകളിൽ വാളുകളും കത്തികളും ദണ്ഡുകളുമുണ്ടായിരുന്നു. ഇതെല്ലാം കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്ന് കപിൽ സിബൽ ബോധിപ്പിച്ചു.
എന്നാൽ, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്ക് സാധാരണ ശിക്ഷാ ഇളവ് നൽകാറുള്ളതല്ലേയെന്ന് സുപ്രീംകോടതി ചോദിച്ചു. ബിൽക്കീസ് ബാനുവിനെയടക്കം കൂട്ട ബലാത്സംഗത്തിനിരയാക്കിയതിനും കുടുംബത്തിലെ ഏഴുപേരെ കൂട്ടക്കൊല നടത്തുകയും ചെയ്തതിന് 2008 ജനുവരി 21ന് മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരെയാണ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. അയൽക്കാരും പരിചയക്കാരുമായ പ്രതികളാൽ കൂട്ടബലാത്സംഗത്തിനിരയാകുമ്പോൾ ബിൽക്കീസ് ബാനു ഗർഭിണിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.