ബിൽകീസ് ബാനു കേസ്: കേന്ദ്രത്തിന്റെയും കുറ്റവാളികളുടെയും വാദം സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യയിൽ കൂട്ടബലാത്സംഗവും കൂട്ടക്കൊലയും നടത്തിയ കേസിൽ (ബിൽകീസ് ബാനു കേസ്) 11 കുറ്റവാളികളെ ശിക്ഷ കഴിയാതെ മോചിപ്പിച്ചത് പൊതുജനങ്ങളെ ബാധിക്കുന്നതാണെങ്കിൽ അതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജികൾ നിയമപരമായി നില നിൽക്കുമെന്ന് സുപ്രീംകോടതി. മോചനത്തിനെതിരെ ബിൽകീസ് ബാനു അല്ലാത്തവർ നൽകിയ പൊതുതാൽപര്യ ഹരജികൾ തള്ളണമെന്ന് കുറ്റവാളികളുടെ അഭിഭാഷകർ നടത്തിയ വാദത്തിനിടെയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
മോചനത്തിനെതിരായ കേസിലെ വിഷയം ക്രിമിനൽ അല്ലെന്നും ഭരണപരമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. 11 കുറ്റവാളികൾക്കുമേലുള്ള കുറ്റവും ശിക്ഷയുമല്ല സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നതെന്നും അവരുടെ മോചനത്തിനുള്ള ഭരണപരമായ ഉത്തരവാണെന്നും രാധേ ശ്യാം എന്ന കുറ്റവാളിക്ക് വേണ്ടി ഹാജരായ അഡ്വ. ഋഷി മൽഹോത്രയോട് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ പറഞ്ഞു. സർക്കാർ നയം പൊതുജനത്തെ വലിയ തോതിൽ ബാധിച്ചാൽ അതിനെതിരെ പൊതുതാൽപര്യഹരജി സമർപ്പിക്കാമെന്ന് ജസ്റ്റിസ് നാഗരത്ന തുടർന്നു.
കുറ്റവാളികളുടെ മോചനമല്ല, ശിക്ഷ വെട്ടിച്ചുരുക്കിയതാണെന്നും അതിനെതിരെ ബിൽകീസ് ബാനുവിനായി മൂന്നാം കക്ഷികൾ പൊതുതാൽപര്യ ഹരജികളുമായി വന്നത് അംഗീകരിക്കരുതെന്ന കേന്ദ്ര സർക്കാറിന്റെ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെയും കുറ്റവാളികളുടെ അഭിഭാഷകനായ സിദ്ധാർഥ് ലൂഥ്റയുടെയും വാദം ബെഞ്ച് അംഗീകരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.