ബിൽകീസ് ബാനു കേസ്: കുറ്റവാളികളുടെ മോചനം അനുവദിക്കാനല്ല, പരിഗണിക്കാനാണ് പറഞ്ഞത് -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യയിൽ 14 മുസ്ലിംകളെ കൂട്ടക്കൊല നടത്തുകയും ഗർഭിണി അടക്കം മൂന്ന് സ്ത്രീകളെ കൂട്ട ബലാത്സംഗം നടത്തുകയും ചെയ്ത കുറ്റവാളികൾ മോചനത്തിനായി നൽകിയ അപേക്ഷ അനുവദിക്കാനല്ല മറിച്ച് പരിഗണിക്കാനാണ് സുപ്രീംകോടതി പറഞ്ഞതെന്ന് ബിൽകീസ് ബാനു കേസിൽ ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. ഇത്തരം കുറ്റവാളികളുടെ മോചനഹരജികൾ സുപ്രീംകോടതി വളരെ ഉദാരമായി അനുവദിക്കുകയാണെന്ന് ഗുജറാത്ത് വംശഹത്യയുടെ ഇര ബിൽകീസ് ബാനുവിന് വേണ്ടി ഹാജരായ അഭിഭാഷക ശോഭ ഗുപ്ത കുറ്റപ്പെടുത്തിയപ്പോഴാണ് സുപ്രീംകോടതിയുടെ ഈ പ്രതികരണം.
ഒരു അഭിഭാഷകൻ മാത്രം 300 കുറ്റവാളികളുടെ മോചനത്തിനുള്ള അപേക്ഷയുമായി സുപ്രീംകോടതിയിൽ വന്നത് ശോഭ ഗുപ്ത ചൂണ്ടിക്കാട്ടി. തന്നെ കൂട്ടബലാത്സംഗം ചെയ്ത് കുടുംബാംഗങ്ങളെ കൂട്ടക്കൊല നടത്തിയവരെ ഹാരമണിയിച്ച് ആദരിച്ച ചിത്രം വൈറലായപ്പോഴാണ് അവരെ മോചിപ്പിച്ച വിവരം ബിൽകീസ് ബാനു അറിയുന്നത്. സുപ്രീംകോടതിയിലേക്ക് അല്ലാതെ അവർക്ക് പിന്നെവിടേക്ക് പോകാനാകുമെന്ന് ശോഭ ചോദിച്ചു.
കുറ്റവാളികളെ ശിക്ഷ കാലാവധിക്ക് മുമ്പ് മോചിപ്പിക്കാനുള്ള ഉത്തരവും അനുബന്ധ രേഖകളും വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടുപോലും ബിൽകീസ് ബാനുവിന് ലഭിച്ചില്ല. ഒടുവിൽ പൊതുതാൽപര്യ ഹരജികളിൽ സുപ്രീംകോടതി ഉത്തരവിട്ട ശേഷമാണ് അവ ലഭിച്ചത്. ഈ കേസിൽ മോചനത്തിന് സുപ്രീംകോടതിയെ ആദ്യമായി സമീപിച്ച കുറ്റവാളി രാധേശ്യാം ഷായുടെ അപേക്ഷ പരിഗണിക്കാനാണ് അല്ലാതെ അനുവദിക്കാനല്ല സുപ്രീംകോടതി അന്ന് ഉത്തരവിട്ടതെന്ന് ജസ്റ്റിസ് നാഗരത്ന ശോഭയോടു പറഞ്ഞു. സുപ്രീംകോടതിയെ കബളിപ്പിച്ചാണ് മോചനത്തിനായി ഗുജറാത്ത് സർക്കാറിനെ സമീപിക്കാനുള്ള ഉത്തരവ് രാധേശ്യാം ഷാ നേടിയെടുത്തതെന്ന് ശോഭ വാദിച്ചു. ഗുജറാത്ത് കലാപക്കേസാണെന്നോ 14 പേരെ കൂട്ടക്കൊല ചെയ്തതാണെന്നോ ഷാ കോടതിയിൽ പറഞ്ഞില്ല.
കുറ്റവാളികൾക്ക് ശിക്ഷ വിധിച്ച മഹാരാഷ്ട്രയിലെ വിചാരണ കോടതിയുടെ അഭിപ്രായം കണക്കിലെടുക്കാതെയായിരുന്നു മോചനമെന്ന് ശോഭ ബോധിപ്പിച്ചപ്പോൾ ഏത് സംസ്ഥാനത്തിന്റെ നയമാണ് മോചനകാര്യത്തിൽ പരിഗണിക്കേണ്ടത് എന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. വിചാരണ നടന്ന മഹാരാഷ്ട്രയുടെ നയമെന്ന് ശോഭ അതിന് മറുപടി നൽകി. വാദം ഇന്നും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.