ബിൽക്കിസ് ബാനു കേസ്: പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കിയതിനെതിരെ നൽകിയ ഹരജി തള്ളി
text_fieldsന്യൂഡൽഹി: ഗോധ്രയിൽ 2002ൽ നടന്ന കലാപത്തിൽ ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതികളെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയതിനെതിരെ പ്രതികൾ നൽകിയ ഹരജി തള്ളി. കേസിൽ ശിക്ഷിക്കപ്പെട്ട രാധേശ്യാം ഭഗവാൻദാസ്, രാജുഭായ് ബാബുലാൽ എന്നിവരാണ് ഹരജി നൽകിയത്. ഹരജിയിൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്.
പ്രതികളെ വിട്ടയച്ച തീരുമാനം ജനുവരി എട്ടിനാണ് സുപ്രീം കോടതി റദ്ദാക്കിയത്. ജാമ്യത്തിൽ ഇളവ് നൽകണമെന്ന് പ്രതികൾ ഹരജിയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഹരജി നിലനിൽക്കില്ലെന്നും ശിക്ഷായിളവ് റദ്ദാക്കിക്കൊണ്ട് വിശാല ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ ഇടപെടാനാകില്ലെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു.
ഹരജിക്കാർക്കുവേണ്ടി അഭിഭാഷകൻ ഋഷി മൽഹോത്ര ഹാജരായി. വിട്ടയച്ചതിനെതിരെയുള്ള ജനുവരിയിലെ വിധി ഭരണഘടനാ ബെഞ്ചിന്റെ 2002ലെ ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതികളായ ഭഗവാൻദാസും ബാബുലാലും കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാറിന്‍റെ തീരുമാനം രാജ്യവ്യാപക വിമർശനം വിളിച്ചു വരുത്തിയിരുന്നു.
ഇതിനെതിരെ ബിൽക്കിസ് ബാനുവിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വിട്ടയച്ച നടപടി റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.