'ഒടുവിൽ എനിക്കും പുഞ്ചിരിക്കാനുള്ള അവസരമായി'; സുപ്രീം കോടതി വിധിയിൽ നന്ദിയറിയിച്ച് ബിൽക്കീസ് ബാനു
text_fieldsന്യൂഡൽഹി: 2002 ഗുജറാത്ത് കലാപത്തിൽ ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് അനുവദിച്ചിരുന്ന ഇളവ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ ഒടുവിൽ പുഞ്ചിരിക്കാനുള്ള കാരണം ലഭിച്ചെന്ന് അതിജീവിത ബിൽക്കീസ് ബാനു. ഇന്ന് തൻ്റെ ജീവിതത്തിലെ പുതുവർഷത്തിന്റെ തുടക്കമാണെന്നും ഒന്നര വർഷത്തിനിടെ ആദ്യമായി പുഞ്ചിരിച്ച ദിവസമാണിതെന്നും വിധിക്ക് പിന്നാലെ ബിൽക്കീസ് പറഞ്ഞു.
'ഒന്നര വർഷം മുമ്പ് ആഗസ്റ്റ് 15ന് എൻ്റെ ജീവിതവും കുടുംബവും തകർത്തവരെ വെറുതെവിട്ടെന്ന വാർത്ത കേട്ടപ്പോൾ തകർന്നുപോയി. പിന്തുണയറിയിച്ച് നിരവധി പേർ എനിക്ക് അരികിൽ എത്തുന്നത് വരെ എന്റെ മുന്നോട്ടുള്ള ഊർദവും ധൈര്യവുമെല്ലാം അവസാനിച്ചുവെന്നാണ് കരുതിയത്. സാധാരണക്കാരായ നിരവധി മനുഷ്യരും സ്ത്രീകളും എനിക്ക് പിന്തുണയറിയിച്ച് അരികിലെത്തി. അവർ എനികക്കൊപ്പെ നിന്നു. എനിക്ക് വേണ്ടി സംസാരിച്ചു. സുപ്രീം കോടതികൾ പൊതുതാത്പര്യ ഹരജികൾ സമർപ്പിച്ചു. മുംബൈയിൽ നിന്ന് 8500 പേർ അപ്പീൽ നൽകി, 10,000ത്തോളം പേർ നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്ത് തുറന്ന കത്തുകളെഴുതി. എന്നോടൊപ്പം നിന്ന ഓരോ വ്യക്തിയോടും നന്ദിയുണ്ട്. നീതിയെ സംരക്ഷിക്കാൻ ഊർജം നൽകിയതിനും രാജ്യത്തെ ഓരോ സ്ത്രീയുടെയും വിശ്വാസത്തെ സംരക്ഷിച്ചതിനും നന്ദി.
നെഞ്ചിൽ നിന്നും പർവതത്തിന്റെ വലുപ്പത്തിലുള്ള കല്ലെടുത്ത് മാറ്റിയത് പോലെ തോന്നുന്നു. എനിക്ക് ഇപ്പോൾ സ്വസ്ഥമായി ശ്വസിക്കാൻ സാധിക്കുന്നുണ്ട്. എല്ലാവർക്കും തുല്യ നീതിയെന്ന വാക്യത്തോട് രാജ്യത്തെ സ്ത്രീകൾക്കും കുട്ടികൾക്കും വീണ്ടും വിശ്വസിക്കാൻ സാധിക്കുന്ന വിധത്തിൽ വിധി പ്രസ്താവിച്ച പരമോന്നത കോടതിക്ക് നന്ദി പറയുന്നു. ഇത്തരമൊരു പോരാട്ടം ഒരിക്കലും ഒറ്റയ്ക്ക് നിന്ന് വിജയിക്കുക സാധ്യമല്ല. എന്നോടൊപ്പം ഈ നിയമപോരാട്ടത്തിൽ കൂടെ നിൽക്കാൻ ഭർത്താവും കുട്ടികളുമുണ്ടായിരുന്നു, കുടുംബമുണ്ടായിരുന്നു. വെറുക്കപ്പെടുന്ന സമയത്ത് ചേർത്ത് നിർത്താനും അകമഴിഞ്ഞ് സ്നേഹിക്കാനും ഓരോ പ്രയാസത്തിലും കൈകോർത്ത് പിടിക്കാനും സുഹൃത്തുക്കളുണ്ടായിരുന്നു. അവയ്ക്കെല്ലാമൊപ്പം ഏറ്റവും പ്രഗത്ഭയായ ഒരു അഭിഭാഷകയെ, ശോഭ ഗുപ്തയെ എനിക്ക് ലഭിച്ചു. തളരാതെ 20 വർഷം നീണ്ട നിയമപോരാട്ടത്തിൽ അവർ എന്നോടൊപ്പം നടന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെടാതെ ചേർത്തുനിർത്തി,' ബിൽക്കീസ് ബാനു പറഞ്ഞു.
കൂട്ടബലാത്സംഗം ചെയ്യപ്പെടുന്ന സമയത്ത് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസിന്റെ മൂന്ന് മാസം പ്രായമായ മകൾ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കുടുംബത്തിലെ മറ്റ് ഏഴ് പേരും കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു. 2022ൽ ഗുജറാത്ത് സർക്കാർ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത് പ്രതികളെ വെറുതെവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.