മതപരിവർത്തന നിരോധന ബിൽ കർണാടക ഉപരിസഭയിൽ അവതരിപ്പിച്ചില്ല
text_fieldsബംഗളൂരു: വിവാദ മതപരിവർത്തന നിരോധന ബിൽ (കർണാടക മതസ്വാതന്ത്ര്യ അവകാശ സംരക്ഷണ ബിൽ-2021) നിയമനിർമാണ കൗൺസിലിൽ അവതരിപ്പിക്കാതെ കർണാടക സർക്കാർ. പ്രതിപക്ഷത്തിെൻറയും ക്രിസ്ത്യൻ മതമേലധ്യക്ഷരുടെയും എതിർപ്പ് അവഗണിച്ച് നിയമസഭയിൽ ബിൽ പാസാക്കിയെങ്കിലും ഉപരിസഭയായ നിയമനിർമാണ കൗൺസിലിൽ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ ബിൽ അവതരിപ്പിക്കുന്നതിൽനിന്ന് സർക്കാർ തന്ത്രപൂർവം വിട്ടുനിന്നു.
എന്നാൽ, കൗൺസിലിെൻറ ശൈത്യകാല സെഷനിൽ പ്രസ്തുത ബിൽ അവതരിപ്പിക്കുന്നില്ലെന്ന് സാമൂഹിക ക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി സഭയെ അറിയിച്ചു. തുടർന്ന് പതിവു ചടങ്ങുകളോടെ ബെളഗാവിയിലെ സുവർണ സൗധയിൽ സഭ പിരിഞ്ഞു. നാടകീയമായിരുന്നു വെള്ളിയാഴ്ച ഉപരിസഭയിലെ നീക്കങ്ങൾ. ഭരണപക്ഷവും പ്രതിപക്ഷവും തങ്ങളുടെ അംഗങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്താൻ ശ്രമിച്ചു. വീട്ടിലേക്കു മടങ്ങിയ കോൺഗ്രസ് അംഗം വിജയ് സിങ്ങിനെ നേതാക്കൾ തിരിച്ചുവിളിച്ചു. ഹാസനിലേക്കു പോയ മറ്റൊരു അംഗം എം.എ. ഗോപാലസ്വാമിയെയും തിരിച്ചുവിളിച്ചു. ഡെപ്യൂട്ടി ചെയർമാൻ എം.കെ. പ്രാണേഷ്, മറ്റൊരംഗം രുദ്രെ ഗൗഡ എന്നിവരെ ബി.ജെ.പിയും തിരിച്ചുവിളിച്ചു.
ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ഉപരിസഭ മൂന്നുമണിക്ക് വീണ്ടും ചേരുമെന്ന് ചെയർമാൻ ബസവരാജ് ഹൊരട്ടി അറിയിച്ചിരുന്നെങ്കിലും നാലു മണിയായിട്ടും സഭ ചേർന്നില്ല. പിന്നീട് സഭ ചേർന്നയുടൻ മന്ത്രി കോട്ട ശ്രീനിവാസ പൂജാരിയുടെ പ്രഖ്യാപനത്തോടെ സസ്പെൻസിന് ക്ലൈമാക്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.