ചെക്ക് മടങ്ങിയാൽ കുറ്റവിചാരണ വേഗത്തിൽ; ബിൽ ലോക്സഭയിൽ
text_fieldsന്യൂഡൽഹി: അക്കൗണ്ടിൽ വേണ്ടത്ര പണമില്ലാതെ ചെക്കുകൾ നൽകുന്നവരെ വേഗത്തിൽ കുറ്റവിചാരണ ചെയ്യാനും താൽക്കാലിക നഷ്ടപരിഹാരമായി പകുതി തുക നിശ്ചിത ദിവസത്തിനുള്ളിൽ ഇൗടാക്കാനും വ്യവസ്ഥചെയ്യുന്ന ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. പണമില്ലാതെ ചെക്ക് തട്ടിപ്പ് സംഭവങ്ങളിൽ നിയമ നടപടി അനന്തമായി നീളുന്നത് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നെഗോഷ്യബ്ൾ ഇൻസ്ട്രുമെൻറ്സ് (ഭേദഗതി) നിയമം 2017 ധനസഹമന്ത്രി ശിവപ്രസാദ് ചൊവ്വാഴ്ച സഭയിൽ അവതരിപ്പിച്ചത്.
നിയമം പാർലമെൻറ് അംഗീകരിച്ചാൽ ബന്ധപ്പെട്ട കോടതികൾക്ക് ചെക്ക് തട്ടിപ്പ് നടത്തുന്നവരിൽനിന്ന് താൽക്കാലിക നഷ്ടപരിഹാരമായി ചെക്കിലെ തുകയുടെ 20 ശതമാനത്തിൽ കൂടാത്ത തുക ഇൗടാക്കാൻ അധികാരം നൽകുന്നു.
കോടതി ഉത്തരവിട്ട് 60 ദിവസത്തിനകം ഇത് നൽകണം. മതിയായ കാരണം കോടതിക്ക് ബോധ്യപ്പെട്ടാൽ 30 ദിവസംകൂടി അധികം നൽകും. ആരോപണ വിധേയനായ ആൾ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ ഇൗ തുക പലിശസഹിതം തിരിച്ചുനൽകണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. ആ സാമ്പത്തിക വർഷാദ്യം ആർ.ബി.െഎ നിജപ്പെടുത്തിയ പലിശയാണ് ഇൗടാക്കുക. ഇൗ തുകയും കോടതി ഉത്തരവിന് 60 ദിവസത്തിനുള്ളിൽ തിരിച്ച് നൽകണമെന്നാണ് വ്യവസ്ഥ. മതിയായ കാരണം ബോധ്യപ്പെട്ടാൽ 30 ദിവസം അധികം സാവകാശം നൽകണം. 1881ലെ നൊഗോഷ്യബ്ൾ ഇൻസ്ട്രുമെൻറ്സ് നിയമമാണ് ഭേദഗതി ചെയ്യുന്നത്. കോടതികളിൽ വർഷങ്ങളോളം നീളുന്ന നിയമവ്യവഹാരം തടയുന്നത് ലക്ഷ്യമിട്ടുള്ള ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.