സഹകരണ സംഘം നിയമഭേദഗതി ബിൽ ലോക്സഭയിൽ
text_fieldsന്യൂഡൽഹി: ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യുന്ന ബിൽ പ്രതിപക്ഷ എതിർപ്പിനിടയിൽ ലോക്സഭയിൽ. വിശദ പഠനത്തിന് സ്റ്റാൻഡിങ് കമ്മിറ്റിക്ക് ബിൽ വിടണമെന്ന പ്രതിപക്ഷാവശ്യത്തിൽ പിന്നീട് തീരുമാനമെടുക്കും.
സഹകരണ സഹമന്ത്രി ബി.എൽ. വർമയാണ് ബിൽ അവതരിപ്പിച്ചത്. സഹകരണ സംഘങ്ങളുടെ ഭരണം, തെരഞ്ഞെടുപ്പ്, നിരീക്ഷണം എന്നിവ മെച്ചപ്പെടുത്തുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് മന്ത്രി വിശദീകരിച്ചു. എന്നാൽ, സംസ്ഥാന അവകാശങ്ങളിൽ കടന്നുകയറുന്നതാണ് നിയമഭേദഗതിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
സഹകരണ സംഘങ്ങളുടെ നടത്തിപ്പിൽ സംസ്ഥാനങ്ങൾക്കാണ് അധികാരം. എന്നാൽ, സഹകരണാത്മക ഫെഡറലിസത്തെക്കുറിച്ച് പറയുന്ന കേന്ദ്രസർക്കാർ ഈ നിയമനിർമാണത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുകപോലും ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് സഭാ നേതാവ് അധിർരഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാറിലേക്ക് അധികാരം കേന്ദ്രീകരിക്കാൻ വഴിയൊരുക്കുകയാണ് ബിൽ. ബഹുസംസ്ഥാന സഹകരണ സംഘങ്ങളുടെ സ്വയംഭരണത്തെ ബാധിക്കുന്നതും ദുരുപയോഗത്തിന് വഴിവെക്കുന്നതുമാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു.
സൗഗത റോയ് -തൃണമൂൽ കോൺഗ്രസ്, ടി.ആർ. ബാലു-ഡി.എം.കെ, എ.എം ആരിഫ്-സി.പി.എം, എൻ.കെ പ്രേമചന്ദ്രൻ -ആർ.എസ്.പി തുടങ്ങിയവരും ബില്ലിനെ എതിർത്തു. സഹകരണ സംഘങ്ങളെക്കുറിച്ച നിർവചനത്തിന്റെ അന്തഃസത്തക്ക് വിരുദ്ധമായ ബില്ലിൽ നിരവധി സാങ്കേതിക പിഴവുകളും ഉണ്ടെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് ബഹുസംസ്ഥാന സംഘത്തിൽ ലയിക്കാനും ബിൽ അവസരമൊരുക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിൽ പിൻവലിക്കണമെന്ന് കോൺഗ്രസിലെ മനീഷ് തിവാരി ആവശ്യപ്പെട്ടു. എന്നാൽ, നിയമത്തിൽ നേരത്തേയും ഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ടെന്ന് സഹമന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.