യു.പിയിൽ എസ്.ടി പട്ടിക ഭേദഗതിക്കൊരുങ്ങി ബി.ജെ.പി; ലക്ഷ്യം തെരഞ്ഞെടുപ്പെന്ന്
text_fieldsന്യൂഡൽഹി: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ 'ജാതി രാഷ്ട്രീയ'ത്തിൽ ഊന്നി ബി.ജെ.പിയുടെ നീക്കം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ പട്ടിക വർഗ വിഭാഗത്തിന്‍റെ പട്ടിക ഭേദഗതിചെയ്യാനാണ് കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ നീക്കം. പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ പട്ടിക വിപുലീകരണവുമായി ബന്ധപ്പെട്ട ഭേദഗതി വരുത്താനുള്ള നിയമനിർമാണ നിർദേശം സർക്കാർ മുന്നോട്ടുവെക്കും. ത്രിപുരയിലും സമാനമായ ഭേദഗതി ബിൽ അവതരിപ്പിച്ചേക്കും. തൃണമൂൽ കോൺഗ്രസിൽനിന്ന് കടുത്ത വെല്ലുവിളി ബി.ജെ.പി നേരിടുന്ന സംസ്ഥാനമാണ് ത്രിപുര.
26 പുതിയ ബില്ലുകളും ഇതിനകം അവതരിപ്പിച്ച മറ്റു മൂന്നു ബില്ലുകളുമാണ് പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ ചർച്ചയാകുക. കഴിഞ്ഞവർഷം പാർലെമന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലുകളാണ് ഇതിൽ ഉൾപ്പെടുക. ചൊവ്വാഴ്ച ലോക്സഭ പുറത്തിറക്കിയ ബുള്ളറ്റിനിൽ ഈ ബില്ലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന സർക്കാറിന്‍റെ ശിപാർശയെ തുടർന്ന് പാർലെമന്റ് ഈ വർഷം ആദ്യം തമിഴ്നാട്ടിലെ പട്ടികജാതി പട്ടികയിൽ ഭേദഗതി വരുത്തിയിരുന്നു. എന്നാൽ, യു.പി സർക്കാർ ഇതുവരെ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചിട്ടില്ലെന്ന് യു.പി കാബിനറ്റ് മന്ത്രി പ്രതികരിച്ചു. എന്നാൽ, ചില സമുദായങ്ങളുടെ ദീർഘകാലത്തെ ആവശ്യങ്ങൾ പരിഗണിച്ച് പാർലെമന്റിന് സ്വന്തം നിലയിൽ സംസ്ഥാനത്തെ എസ്.ടി പട്ടികയിൽ ഭേദഗതി വരുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചില സമുദായങ്ങളെ എസ്.സി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
ഉത്തർപ്രദേശിൽ മത്സ്യത്തൊഴിലാളികളെ എസ്.ടി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നിരന്തരം ഉയർന്നിരുന്നു. തെരഞ്ഞെടുപ്പിൽ നിർണായക സ്ഥാനം വഹിക്കാൻ കഴിയുന്നവരാണ് മത്സ്യത്തൊഴിലാളികൾ. ഇത് മുന്നിൽകണ്ടാണ് നീക്കമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.