കർഷക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ആദ്യ കടമ്പ കടന്നു; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരമായി
text_fieldsരാജ്യമാകെ എതിർപ്പുയർന്ന മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ബിൽ നവംബർ 29 ന് പാർലമെന്‍റില്‍ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബില്ലാണ് കൊണ്ടുവരിക. രാജ്യമാകെ ഉയർന്ന കർഷക പ്രക്ഷോഭത്തെ തുടർന്നാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറായത്.
പാർലമെന്‍റിലെ ശൈത്യകാല സമ്മേളനം ആരംഭിക്കുമ്പോൾ കാർഷിക നിയമം പിൻവലിക്കാനുള്ളതടക്കം 26 ബില്ലുകളാണ് കേന്ദ്രം അവതരിപ്പിക്കുക. മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കാൻ ഒറ്റ ബിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ തീരുമാനം. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലാണ് കരട് ബില്ലിന് അംഗീകാരം നൽകിയത്. ബിൽ ഈ മാസം 29 ന് പാർലമെന്‍റില്‍ അവതരിപ്പിക്കുമ്പോൾ നിയമങ്ങൾ പിൻവലിച്ചത് സംബന്ധിച്ച വിശദീകരണവും കേന്ദ്ര സർക്കാർ നൽകും. ഇതിന് ശേഷം ബിൽ രാഷ്ട്രപതി ഒപ്പു വെയ്ക്കുന്നതോടെ നിയമം റദ്ദാകും.
കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഒരു വർഷത്തിലേറെയായി തുടരുന്ന സമരം അവസാനിപ്പിക്കില്ലെന്ന് കർഷകർ പ്രഖ്യാപിച്ചിരുന്നു. നിയമം പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാർലമെന്‍റിലടക്കം പൂർത്തിയാക്കുന്നതുവരെ സമരം തുടരുമെന്നാണ് കർഷകരുടെ നിലപാട്.
താങ്ങുവിലയടക്കം മുന്നോട്ട് വെച്ച മറ്റു ആവശ്യങ്ങളിൽ കേന്ദ്രം പരിഹാരം കാണണമെന്നും കർഷകർ ആവശ്യപ്പെടുന്നുണ്ട്. കർഷക പ്രതിഷേധം തുടരുന്നതിനാൽ താങ്ങുവില സംബന്ധിച്ച് മാർഗ നിർദേശങ്ങൾ കൊണ്ടുവരാൻ കൃഷി മന്ത്രാലയം ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.