ബിൽക്കീസ് ബാനു കേസ്; ഇനി ശ്രദ്ധ മഹാരാഷ്ട്രയിലെ ശിക്ഷാ ഇളവ് നയത്തിൽ
text_fieldsമുംബൈ: ബിൽക്കീസ് ബാനു കേസിൽ 11 പ്രതികളെ വീണ്ടും ജയിലിലടക്കാൻ തീരുമാനിച്ചതോടെ ഇനി പന്ത് മഹാരാഷ്ട്രയുടെ കോർട്ടിൽ. കുറ്റവാളികൾക്ക് ശിക്ഷയിൽ ഇളവു നൽകുന്ന മഹാരാഷ്ട്രയുടെ നയങ്ങളിലാണ് ഇനി ശ്രദ്ധ മുഴുവൻ. ഗുജറാത്ത് സർക്കാറിനല്ല, മഹാരാഷ്ട്രക്കാണ് ശിക്ഷയിൽ ഇളവ് നൽകാൻ അർഹതയെന്നാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം വിധിച്ചത്.
1978ലാണ് മഹാരാഷ്ട്രയിൽ ശിക്ഷാഇളവ് നയം പ്രഖ്യാപിച്ചത്. 92ലും 2008ലും 2010ലും നയം പരിഷ്കരിച്ചു. തടവുപുള്ളി ശിക്ഷാ ഇളവിനായി അപേക്ഷ നൽകിയാൽ ജയിൽ അധികൃതർ സംസ്ഥാന സർക്കാറുമായി ബന്ധപ്പെടുന്നതാണ് പതിവ്. ഇളവ് നൽകണമോ വേണമോയെന്ന് ജയിൽ ഉപദേശക സമിതിക്ക് തീരുമാനിക്കാം. വിചാരണ കോടതി ജഡ്ജി, ജയിൽ സൂപ്രണ്ട്, ജയിൽ ഐ.ജി തുടങ്ങിയവരാണ് ജയിൽ ഉപദേശക സമിതിയിലുണ്ടാവുക. കുറ്റകൃത്യത്തിന്റെ സ്വഭാവവും തടവുകാരന്റെ ജയിലിലെ പെരുമാറ്റവും ശിക്ഷാഇളവ് പരിഗണിക്കുന്നതിലെ പ്രധാന ഘടകമാണ്.
ജീവപര്യന്തം തടവ് എന്നാൽ കുറഞ്ഞത് 14 വർഷമാണെന്നും സംസ്ഥാന സർക്കാറിന് ആ കാലാവധിക്കുമുമ്പ് ശിക്ഷ ഇളവ് ചെയ്യാൻ കഴിയില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു 1992ൽ ശിക്ഷാഇളവ് നയം പരിഷ്കരിച്ചത്. ഭീകരവിരുദ്ധ നിയമങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തുന്നതിനായി 2010ൽ മഹാരാഷ്ട്ര മാർഗനിർദേശങ്ങൾ പുതുക്കി. ബിൽക്കീസ് ബാനു കേസിലെ പ്രതികൾ 2019ലും 2021ലും മഹാരാഷ്ട്ര സർക്കാറിനെ സമീപിച്ചിരുന്നു.
ഇവർ നടത്തിയ കുറ്റകൃത്യങ്ങൾ സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്തവർക്കും എതിരായ അസാധാരണമായ അതിക്രമങ്ങളുടെ വിഭാഗത്തിലാണെന്ന് സി.ബി.ഐ ജഡ്ജി പറഞ്ഞതായി സുപ്രീംകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. നയങ്ങൾ കണക്കിലെടുക്കുമെങ്കിലും അന്തിമ തീരുമാനം സർക്കാറിന്റേതാണെന്ന് ഒരു ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. വിചാരണ കോടതി ജഡ്ജിയുടെ അഭിപ്രായവും പരിഗണിക്കണമെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
ബിൽക്കീസ് ബാനു കേസ് മഹാരാഷ്ട്ര സർക്കാർ ഗൗരവത്തിലെടുക്കണമെന്ന് പവാർ
മുംബൈ: ബിൽക്കീസ് ബാനു കേസ് അതിഗുരുതരമായി കാണണമെന്ന് മഹാരാഷ്ട്ര സർക്കാറിനോട് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. ‘കൊടും കുറ്റകൃത്യത്തെ‘ കുറിച്ച് സുപ്രീംകോടതി പറഞ്ഞത് ഓർമയിലുണ്ടാകണമെന്നും പവാർ ഉപദേശിച്ചു. ബിൽക്കീസ് ബാനു കേസിലെ പ്രതികൾ ശിക്ഷയിൽ ഇളവ് തേടി മഹാരാഷ്ട്ര സർക്കാറിനെ സമീപിക്കാനുള്ള സാധ്യത മുന്നിൽകണ്ടാണ് പവാറിന്റെ പ്രതികരണം.
കേസിൽ വിചാരണ നടന്നത് മുംബൈയിലായിരിക്കെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാറിന് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഇളവ് റദ്ദ്ചെയ്തത്. ബിൽക്കീസ് ബാനു അനുഭവിച്ച ദുരന്തവും അവരുടെ ഏഴ് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതും പരിഗണിച്ച് മഹാരാഷ്ട്ര സർക്കാർ കേസ് ഗൗരവത്തിലെടുക്കണം. ഇത്തരം കൊടുംക്രൂരത സമൂഹം പൊറുപ്പിക്കില്ലെന്ന സന്ദേശം നൽകുംവിധം സർക്കാർ നിലപാടെടുക്കണമെന്നും പവാർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.