'ദാമ്പത്യത്തിലെ ബലാത്സംഗം'കുറ്റമാക്കൽ; ബിനോയ് വിശ്വവും സ്മൃതി ഇറാനിയും കൊമ്പുകോർത്തു
text_fieldsന്യൂഡൽഹി: ദാമ്പത്യത്തിലെ ബലാത്സംഗം ഇന്ത്യൻ ശിക്ഷ നിയമത്തിലും കുറ്റകൃത്യമാക്കണമെന്ന് ആവശ്യപ്പെട്ട സി.പി.ഐ നേതാവ് ബിനോയ് വിശ്വവുമായി കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി കൊമ്പുകോർത്തു. ദാമ്പത്യത്തിലെ ബലാത്സംഗം കുറ്റകൃത്യമാക്കരുതെന്ന് സുപ്രീംകോടതിയോട് അഭ്യർഥിക്കണമെന്ന് ബി.ജെ.പി നേതാവ് സുശീൽകുമാർ മോദി ആവശ്യപ്പെടുകയും സ്മൃതി ഇറാനി അതിനെ പിന്തുണക്കുകയും ചെയ്തതോടെ തർക്കം ബി.ജെ.പിയും സി.പി.ഐയും തമ്മിലായി മാറുകയും ചെയ്തു.
ദാമ്പത്യ ജീവിതത്തിലെ ലൈംഗികാതിക്രമം ഗാർഹിക അതിക്രമത്തിനെതിരായ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം കുറ്റകരമാണെങ്കിലും ഇന്ത്യൻ ശിക്ഷ നിയമം 375 പ്രകാരം ബലാത്സംഗത്തിനുള്ള നിർവചനത്തിൽ ദാമ്പത്യത്തിലെ ബലാത്സംഗം ഉൾപ്പടുത്തിയിട്ടില്ല. അങ്ങനെ ചെയ്യാൻ കേന്ദ്ര സർക്കാർ നടപടി എടുക്കുമോ എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ചോദ്യം. വിവാഹത്തോടെ ലൈംഗിക ബന്ധത്തിന് അനുവാദമുണ്ടെങ്കിലും അത് പരസ്പര സമ്മതത്തോടെ മാത്രമെ പാടുള്ളൂ എന്നും ഒരാൾ സമ്മതമില്ലാതെ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് അനുവദിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇതിന് മറുപടി പറയാൻ എഴുന്നേറ്റ മന്ത്രി രാജ്യത്തെ എല്ലാ വിവാഹങ്ങളെയും അക്രമമായും എല്ലാ പുരുഷന്മാരെയും ബലാത്സംഗം ചെയ്യുന്നവരായും പറയുന്നതിനെ അപലപിക്കുകയാണെന്ന് പറഞ്ഞു. സുപ്രീംകോടതിയിലുള്ള വിഷയത്തിൽ ചർച്ച പറ്റില്ലെന്നും സ്മൃതി വ്യക്തമാക്കി.
താൻ പറയാത്തത് തന്നിൽ ആരോപിച്ച കേന്ദ്ര മന്ത്രിയെ വിമർശിച്ച ബിനോയ് വിശ്വം പുരുഷന്മാർ എല്ലാം ബലാത്സംഗം ചെയ്യുന്നവരാണെന്നും വിവാഹം അക്രമമാണെന്നും താൻപറഞ്ഞിട്ടില്ലെന്ന് ഓർമിപ്പിച്ചു. എല്ലാ പുരുഷന്മാരെയും അങ്ങനെ വിളിക്കാനുള്ള വേദിയല്ല പാർലമെന്റ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഒരാൾ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്താൽ അയാൾ റേപ്പിസ്റ്റ് ആണ് എന്ന് ബിനോയ് ആവർത്തിച്ചു.
അതിനു ശേഷം ചോദ്യമുന്നയിച്ച മുൻ ബിഹാർ ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സുശീൽ കുമാർ മോദി ബിനോയ് വിശ്വം പറഞ്ഞതിന് നേർവിപരീതമായി ദാമ്പത്യത്തിലെ ബലാത്സംഗം കുറ്റകൃത്യമാക്കരുതെന്നും അതിന് പരിരക്ഷ നൽകണമെന്നും സർക്കാർ സുപ്രീംകോടതിയിൽ നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ടു. ലൈംഗിക ബന്ധത്തിന് ഭാര്യ എപ്പോൾ സമ്മതം തന്നുവെന്നും എപ്പോൾ പിൻവലിച്ചുവെന്നും തെളിയിക്കാൻ പ്രയാസമാകുമെന്നും ദാമ്പത്യത്തിലെ ബലാത്സംഗം കുറ്റകൃത്യമാക്കുന്നതോടെ വൈവാഹിക ജീവിതം തന്നെ അവസാനിക്കുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. ഈ അഭിപ്രായം പഠനവിഷയമാക്കേണ്ടതാണെന്നായിരുന്നു സ്മൃതിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.