പ്രതികൾ മുസ്‍ലിമായിരുന്നെങ്കിൽ ബി.ജെ.പി രാജ്യം കത്തിക്കുമായിരുന്നു -ബിനോയ് വിശ്വം എം.പി
text_fieldsന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ലോക്‌സഭയിലെ വൻ സുരക്ഷാ വീഴ്ചയിൽ പിടിയിലായ പ്രതികൾ മുസ്‍ലിം പേരുകാരോ, അവർക്ക് പാസ് നൽകിയത് ബി.ജെ.പി എം.പിക്ക് പകരം പ്രതിപക്ഷക്കാരനോ ആയിരുന്നെങ്കിൽ രാജ്യം നിന്നുകത്തിയേനേയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ഇൻചാർജും എം.പിയുമായ ബിനോയ് വിശ്വം. പാർലമെന്റിൽ കനത്ത സുരക്ഷാ വീഴ്ചയുണ്ടായിട്ടും ബി.ജെ.പിക്ക് മിണ്ടാട്ടമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
‘ഗൗരവമായ കാര്യമാണിത്. ഒരു എം.പി പാസ് കൊടുത്താൽ നാലോ അഞ്ചോ കടമ്പ കടന്നാൽ മാത്രമേ ഒരാൾക്ക് അകത്ത് കടക്കാൻ പറ്റൂ. ബി.ജെപി എം.പിയാണ് അക്രമികൾക്ക് പാസ് കൊടുത്തത്. ഞാൻ ഈ കാര്യത്തില്‍ ഭയപ്പെട്ടിരുന്നു, നിര്‍ഭാഗ്യവശാല്‍ അക്രമി ഒരു മുസ്‍ലിം പേരുകാരനായിരുന്നുവെങ്കിലോ? നിര്‍ഭാഗ്യവശാല്‍ അതൊരു പ്രതിപക്ഷ എം.പിയായിരുന്നുവെങ്കിലോ? ഈ രാജ്യം കത്തുമായിരുന്നു, ബി.ജെ.പി കത്തിക്കുമായിരുന്നു... ആ ബി.ജെ.പി ഇപ്പോൾ മിണ്ടുന്നില്ല. മല്ലികാർജുൻ ഖാർഗെ അടക്കമുള്ള പ്രതിപക്ഷത്തെ മിണ്ടാൻ അനുവദിക്കുന്നില്ല. എന്നിട്ടവർ ഡെമോക്രസിയെ കുറിച്ച് പറയുന്നു. ഇതാണോ ബി.ജെ.പിയുടെ ഡെമോക്രസി? കോടികൾ ചെലവഴിച്ച് നിർമിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം ഒട്ടും സുരക്ഷിതമല്ല’ -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് രാജ്യത്തെ മുൾമുനയിൽ നിർത്തിയ സംഭവത്തിന് പുതിയ പാർലമെന്റ് വേദിയായത്. പാര്‍ലമെന്‍റിനുള്ളിൽ ചാടിവീണ സാഗർ ശർമ്മ, മൈസൂർ സ്വദേശിയും എൻജിനിയറിങ് വിദ്യാർഥിയുമായ മനോരഞ്ജൻ, പാര്‍ലമെന്‍റിന് പുറത്ത് വെച്ച് പ്രതിഷേധിച്ച അമോൽ ഷിൻഡെ, നീലം എന്നിവരെ ഇന്നലെത്തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രിയോടെയാണ് ഇവരുടെ കൂടെയുണ്ടായിരുന്ന ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത് ഝായെ പൊലീസ് പിടികൂടിയത്. വിക്രം എന്ന ആറാം പ്രതിയേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുടക് മണ്ഡലം ബി.ജെ.പി എം.പി പ്രതാപ് സിംഹയാണ് പൊലീസ് പിടികൂടിയ അക്രമികൾക്ക് പാര്‍ലമെന്റ് സന്ദര്‍ശനത്തിനായി പാസ് നല്‍കിയത്. പ്രതിഷേധക്കാരുടെ പക്കല്‍ നിന്ന് ലഭിച്ച സിംഹയുടെ ഒപ്പുള്ള പാസിന്റെ ഫോട്ടോ ലോക്‌സഭാ എം.പി ഡാനിഷ് അലി പകർത്തിയിരുന്നു. അവ പിന്നീട് മാധ്യമങ്ങളെ കാണിക്കുകയും ചെയ്തിരുന്നു.
ഭീകരമായ രീതിയിലുള്ള സംഭവ വികാസങ്ങളാണ് സഭയിലുണ്ടായതെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ത്. പുക വമിച്ചതോടെ അംഗങ്ങള്‍ ഇറങ്ങിയോടിയെന്നും ഇത്തരം വസ്തുക്കളുമായി പ്രതിഷേധക്കാര്‍ എങ്ങനെയാണ് അകത്ത് കയറിയതെന്നും അദ്ദേഹം ചോദിച്ചു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭയില്‍ ഉണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് മാറി നില്ക്കാന്‍ കഴിയില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയും പ്രതികരിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരം സുരക്ഷിതമല്ലെന്നും സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും ശശി തരൂര്‍ എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.