അംബേദ്കറെയും പാസ്വാനെയും അപമാനിച്ചെന്നാരോപിച്ച് ബിഹാറിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം
text_fieldsന്യൂഡൽഹി: അന്തരിച്ച മുൻ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍റെ ഔദ്യോഗിക വസതി ഒഴിപ്പിച്ച കേന്ദ്രസർക്കാർ രീതിക്കെതിരെ കക്ഷി രാഷ്ട്രീയഭേദമന്യേ ബിഹാറിലെ രാഷ്ട്രീയ നേതാക്കൾ പ്രതിഷേധിച്ചു.
ഡൽഹി ജൻപഥിലെ മന്ത്രിമാരുടെ വസതി ഒഴിപ്പിക്കുന്നതിനിടെ അംബേദ്കറിന്‍റെ പ്രതിമയും പാസ്വാന്‍റെ ചിത്രങ്ങളും റോഡരികിൽ വലിച്ചെറിഞ്ഞതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നേതാക്കളെ പ്രകോപിച്ചതിനുള്ള മുഖ്യ കാരണം ഇതായിരുന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി കുടുംബത്തിന്‍റെ കൈവശമുള്ള വീട് കേന്ദ്രം ഒഴിപ്പിച്ചതിൽ നിരാശയുണ്ടെന്ന് അന്തരിച്ച പാസ്വാന്‍റെ മകൻ ചിരാഗ് പാസ്വാൻ പറഞ്ഞു. ബിഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ബിഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയും ചിരാഗ് പാസ്വാനെ പിന്തുണച്ച് മുന്നോട്ട് വന്നു.
ദരിദ്രരുടെ ഉപദേഷ്ടാവും വക്താവുമായിരുന്ന പാസ്വാന്റെ ഡൽഹിയിലെ വസതി ഒഴിപ്പിക്കുന്നതിനിടെ കേന്ദ്ര സംഘം അംബേദ്കറുടെ പ്രതിമയും പാസ്വാന്‍റെ ചിത്രങ്ങളും റോഡരികിൽ വലിച്ചെറിഞ്ഞു. ഇതിലൂടെ ഇരു നേതാക്കളെയും അപകീർത്തിപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചതെന്ന് സംഭവത്തിന്‍റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച് കൊണ്ട് തേജസ്വി യാദവ് പറഞ്ഞു.
പാസ്വാന്‍റെ ചിത്രങ്ങൾ റോഡരികിൽ വലിച്ചെറിഞ്ഞ സ്ഥാനത്ത് ഏതെങ്കിലും മതഗ്രന്ഥമായിരുന്നെങ്കിൽ അതൊരു വർഗീയ കലാപമായി ഇതിനോടകം തന്നെ മാറിയിട്ടുണ്ടാകുമെന്ന് ജിതൻ റാം മാഞ്ചി പറഞ്ഞു. ബിഹാറിലെ ഭരണകക്ഷിയായ എൻ.ഡി.എയുടെ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ചയിലെ അംഗമാണ് അദ്ദേഹം. അംബേദ്കറുടെ പ്രതിമ റോഡിൽ ഉപേക്ഷിച്ച് അപമാനിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും മാഞ്ചി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.