റാവത്ത് എത്തിയത് കേഡറ്റുകളുമായി സംവദിക്കാൻ; അപകടം മൂടൽമഞ്ഞ് കാരണം തിരികെ മടങ്ങുമ്പോൾ
text_fieldsഊട്ടി വെല്ലിങ്ടൺ കന്‍റോൺമെന്‍റിലെ ഡിഫൻസ് സർവീസസ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും സംഘവും ഡൽഹിയിൽ നിന്ന് രാവിലെ പ്രത്യേക വിമാനത്തിൽ കോയമ്പത്തൂരിലെ സുലൂർ വ്യോമകേന്ദ്രത്തിൽ എത്തിയത്. ഡിഫൻസ് സർവീസസ് കോളജിൽ സംഘടിപ്പിച്ച കേഡറ്റ് ഇന്‍ററാക്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാനായിരുന്നു സംഘത്തിന്‍റെ യാത്ര.
മേജർ, ലഫ്റ്റനന്‍റ് കേണൽ റാങ്കുകളിലുള്ള സൈനിക ഉദ്യോഗസ്ഥർക്കാണ് വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് കോളജിൽ പരിശീലനം നൽകുന്നത്. പരിശീലന പരിപാടിയുടെ ഭാഗമായി ഉന്നത സൈനിക ഉദ്യോഗസ്ഥരും പൗരപ്രമുഖരും പ്രമുഖ രാഷ്ട്രീയക്കാരും കേഡറ്റുകളുമായി ആശയവിനിമനം നടത്താറുണ്ട്. ഇന്നത്തെ ആശയവിനിമയ പരിപാടിയിൽ ജനറൽ ബിപിൻ റാവത്താണ് പങ്കെടുക്കേണ്ടിയിരുന്നത്.
ഉച്ചക്ക് 2.40ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 11.40നാണ് ബിപിൻ റാവത്തും സംഘവും ഹെലികോപ്റ്ററിൽ പുറപ്പെട്ടത്. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്ന് വ്യോമസേനയുടെ നൂതന എം.ഐ 17വി5 ഹെലികോപ്റ്ററിലായിരുന്നു ബിപിൻ റാവത്ത് അടക്കമുള്ളവരുടെ യാത്ര.
12.10ന് വെല്ലിങ്ടൺ കന്‍റോൺമെന്‍റിൽ എത്തിയെങ്കിലും മൂടൽമഞ്ഞ് കാരണം ഹെലികോപ്റ്റർ ഇറക്കാൻ സാധിച്ചില്ല. തുടർന്ന് ഹെലികോപ്റ്റർ സുലൂർ വ്യോമകേന്ദ്രത്തിലേക്ക് മടങ്ങി. 10 കിലോമീറ്റർ പിന്നിട്ടതോടെ ഏകദേശം 12.20ന് കുനൂരിലെ കട്ടേരി ഫാമിന് സമീപത്തായി ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു.
ഹെലികോപ്റ്റർ വലിയ ശബ്ദത്തോടെ മരങ്ങൾക്കിടയിലൂടെ നിലംപതിക്കുകയായിരുന്നുവെന്നും കത്തിയമർന്ന ഹെലികോപ്റ്ററിൽ നിന്ന് മൂന്നു പേർ താഴെവീഴുന്നത് കണ്ടതായും ദൃക്സാക്ഷികളായ പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു.
ബിപിൻ റാവത്തിനെ കൂടാതെ പത്നി മധുലിക റാവത്ത്, ബ്രിഗേഡിയർ ലിദ്ദർ, ലഫ്റ്റനന്‍റ് കേണൽ ഹർജിന്ദർ സിങ്, നായിക് ഗുരുസേവക് സിങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ്നായിക് വിവേക് കുമാർ, ലാൻസ്നായിക് ബി. സായി തേജ, ഹവിൽദാർ സത്പാൽ തുടങ്ങിയവരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
സൈന്യത്തിന്‍റെ നേതൃത്വത്തിൽ പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.