വേരുകൾ അതിർത്തിക്കപ്പുറത്ത്; ആശങ്കയില്ലാതെ ബിപ്ലബും വിജയ് രൂപാണിയും
text_fieldsഗുവാഹതി: അസം പൗരത്വപ്പട്ടിക കരടിനെച്ചൊല്ലിയുള്ള ആശങ്കകൾക്കിടെ, ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾ ഭരിക്കുന്ന ബി.ജെ.പി മുഖ്യമന്ത്രിമാരുടെ വേരുകൾ ചർച്ചയാകുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് ആർ. രൂപാണി എന്നിവർ എവിടെനിന്ന് വന്നു എന്നതാണ് ചർച്ച. ബിപ്ലബിെൻറ വേരുകൾ ബംഗ്ലാദേശിലെ ചാന്ദ്പുരിലെ കച്ചുവ എന്ന സ്ഥലത്താണ്. ബിപ്ലബ് ത്രിപുരയിൽ ചരിത്ര നേട്ടം കൊയ്തപ്പോൾ ബംഗ്ലാദേശ് പത്രങ്ങളിൽ അദ്ദേഹത്തിെൻറ തറവാടിനെക്കുറിച്ചുള്ള വാർത്തകളും നിറഞ്ഞിരുന്നു. ബിപ്ലബിെൻറ പിതാവ് പരേതനായ ഹിറുധൻ ദേബ് സൊഹെദേപുർ പൂബോ യൂനിയനിലെ മേഘ്ദിർ സ്വദേശിയാണ്. ഹിറുധനും ഭാര്യ മിന റാണി ദേബും 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്താണ് ഇന്ത്യയിലേക്ക് വരുന്നത്.
ബിപ്ലബിനെ ഗർഭം ധരിച്ചാണ് മാതാവ് അതിർത്തികടക്കുന്നത്. അതിനാൽ അദ്ദേഹം ഇന്ത്യയിൽ ജനിച്ചു. ഇല്ലെങ്കിൽ, മറ്റു കുടുംബാംഗങ്ങൾക്കൊപ്പം അദ്ദേഹം ബംഗ്ലാദേശിൽ വളർന്നേനെ. ബിപ്ലബിെൻറ അമ്മാവൻ പ്രന്ധൻ ദേബ് കച്ചുവയിലെ ഹിന്ദു-ബുദ്ധിസ്റ്റ്-ക്രിസ്ത്യൻ െഎക്യ കൗൺസിൽ അധ്യക്ഷനാണ്. ബിപ്ലബ് മുഖ്യമന്ത്രിയാകുന്ന വേളയിൽ അദ്ദേഹത്തിെൻറ പ്രതികരണങ്ങൾ പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. നേരത്തെ, ബംഗ്ലാദേശ് സന്ദർശനവേളയിൽ ബിപ്ലബ് തെൻറ തറവാട് സന്ദർശിക്കുകയുണ്ടായി. ഒപ്പം ഭാര്യ നിതി റാണിയും ഉണ്ടായിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ജനനം മ്യാന്മറിലെ യാംഗോനിലാണ് (അന്ന് ബർമയിലെ റങ്കൂൺ). ജെയ്ൻ ബനിയ സമുദായ അംഗമായ വിജയ് മായാബെൻ-രാംനിക്ലാൽ രൂപാണി ദമ്പതികളുടെ ഏഴു മക്കളിൽ ഏറ്റവും ഇളയ ആളാണ്. ബർമയിലെ രാഷ്ട്രീയ അസ്ഥിരതയാണ് 1960ൽ അവരെ ഇന്ത്യയിലേക്ക് വരാൻ പ്രേരിപ്പിച്ചത്. 1960ൽ കുടുംബം രാജ്കോട്ടിലെത്തുേമ്പാൾ വിജയ്ക്ക് നാലുവയസ്സാണ് പ്രായം.
സ്കൂൾ കാലം മുതൽ സമ്പൂർണ ആർ.എസ്.എസുകാരനാണ് വിജയ്. അമിത് ഷായുടെ സ്വന്തക്കാരൻ. ഗുജറാത്തിലെ സൗരാഷ്ട്രയിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി മാറിയ അദ്ദേഹം, എവിടെനിന്ന് വന്നു എന്ന ചോദ്യത്തിൽ അലോസരപ്പെടേണ്ട കാര്യമേ ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.