ബംഗാൾ തീവെപ്പ്: ഒരിക്കലും പൊറുക്കരുതെന്ന് മോദി, രാഷ്ട്രപതി ഭരണം വേണമെന്ന് കോൺഗ്രസ്
text_fieldsപശ്ചിമ ബംഗാളിലെ ബിർഭും തീവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് നേരെ രൂക്ഷമായ ആക്രമണം അഴിച്ചുവിടാനും മോദി മറന്നില്ല. സംസ്ഥാന ഭരണകൂടം അക്രമികൾക്ക് അഭയം നൽകിയെന്നും മോദി ആരോപിച്ചു. അത്തരം കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നവരോട് ഒരിക്കലും പൊറുക്കരുതെന്ന് പ്രധാനമന്ത്രി ബംഗാളിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
"പശ്ചിമ ബംഗാളിലെ ബിർഭൂമിൽ നടന്ന അക്രമ സംഭവത്തിൽ ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. മഹത്തായ ബംഗാളിൽ ഇത്തരമൊരു പാപം ചെയ്തവരെ സംസ്ഥാന സർക്കാർ തീർച്ചയായും ശിക്ഷിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങളിലെ കുറ്റവാളികളോടും കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നവരോടും ഒരിക്കലും പൊറുക്കരുതെന്ന് ഞാൻ ബംഗാളിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. കുറ്റവാളികളെ ശിക്ഷിക്കുന്നതിന് എന്ത് സഹായം വേണമെങ്കിലും എത്രയും വേഗം ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഞാൻ സംസ്ഥാനത്തിന് ഉറപ്പ് നൽകുന്നു'' -പ്രധാനമന്ത്രി മോദി പറഞ്ഞു. അതേസമയം, ഫോറൻസിക് വിദഗ്ധരുടെ സംഘം അഗ്നിക്കിരയായ വീട്ടിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു.
നിയമസഭ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രതിനിധി സംഘം ഉച്ചയോടെ ഗ്രാമത്തിലെത്തി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. സ്‌ഫോടനം നടന്നതിനാൽ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) വന്ന് കേസ് അന്വേഷിക്കാമെന്നും അധികാരി പറഞ്ഞു. മമതയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ ഞങ്ങൾക്ക് വിശ്വാസമില്ല, കാരണം അത് മമതാ ബാനർജി തന്നെ പ്രവർത്തിപ്പിക്കുന്നതാണ്. സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട് കോൺഗ്രസ് എം.പിയും മുതിർന്ന നേതാവുമായ അധീർ രഞ്ജൻ മുഖർജി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. 'പശ്ചിമ ബംഗാളിലെ ക്രമസമാധാന നില വഷളായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 26 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു' -ചൗധരി തന്റെ കത്തിൽ ഉദ്ധരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.