ബിർഭും ആക്രമണം: പ്രതികളുടെ മനഃശാസ്ത്ര പരിശോധന നടത്താൻ സി.ബി.ഐ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ ഒൻപത് പേരെ ചുട്ടു കൊന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ മനഃശാസ്ത്ര പരിശോധന നടത്താൻ തീരുമാനിച്ചതായി സി.ബി.ഐ അറിയിച്ചു. പ്രതികളുടെ ശരീരഭാഷയും മുഖഭാവങ്ങളും മനശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിൽ നിരീക്ഷിക്കുമെന്നും അത് തെളിവായി പരിഗണിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികളുടെ മൊഴികൾ തമ്മിൽ പൊരുത്തക്കേടുള്ളതിനാലാണ് ഫോറൻസിക് സൈക്കോളജിക്കൽ വിശകലനത്തിന് തീരുമാനമെടുത്തതെന്ന് സി.ബി.ഐ ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
രാംപൂർഹട്ടിൽ അഗ്നിക്കിരയായ പത്ത് വീടുകളിലും രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ അഗ്നിശമന സേനയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍റെ മൊഴിയെടുത്തുവെന്നും സി.ബി.ഐ അറിയിച്ചു. സംഭവത്തിൽ കൊല്ലപ്പെട്ട എട്ട് പേരുടെ സാമ്പിളുകൾ ഡി.എൻ.എ പരിശോധനക്ക് വേണ്ടി അയക്കുമെന്നും സി.ബി.ഐ കൂട്ടിച്ചേർത്തു.
മാർച്ച് 20ന് തൃണമൂൽ കോൺഗ്രസ് നേതാവിന്‍റെ മരണവുമായി ബന്ധമുണ്ടെന്നാരോപിക്കപ്പെട്ട അക്രമത്തിൽ എട്ട് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മറ്റൊരാൾ ആശുപത്രിയിൽ വെച്ചും മരിച്ചു. കൊൽക്കത്ത ഹൈകോടതിയുടെ നിർദേശത്തെ തുടർന്നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.