മധ്യപ്രദേശിലും പക്ഷിപ്പനി സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം
text_fieldsമാൻഡ്സ്വർ: കേരളത്തിനും രാജസ്ഥാനും പിന്നാലെ മധ്യപ്രദേശിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതേതുടർന്ന് സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മധ്യപ്രദേശിലെ മാൻഡ്സ്വറിൽ കൂട്ടത്തോടെ ചത്ത കാക്കകളിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനി വൈറസുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
ഡിസംബർ 23നും ജനുവരി മൂന്നിനും ഇടയിൽ നൂറോളം കാക്കകളാണ് മാൻഡ്സ്വർ ജില്ലയിൽ ചത്തത്. കാക്കകളിൽ നിന്ന് ശേഖരിച്ച നാല് സാംപിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ ഡോ. മനീഷ് ഇൻഗോളെ അറിയിച്ചു.
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണം ഏർപ്പെടുത്തി. രോഗം വ്യാപിക്കാതിരിക്കാൻ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മുൻകരുതൽ ജാഗ്രതാ നിർദേശം മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിട്ടുണ്ട്.
ഡിസംബർ 23നും ജനുവരി മൂന്നിനും ഇടയിൽ ഇന്ദോർ ജില്ലയിൽ മാത്രം 142 കാക്കകൾ ചത്തു. അഗർ മാൾവ, ഖാർഗോൻ ജില്ലകളിൽ യഥാക്രമം 112, 13 കാക്കകൾ ചത്തതായും മൃഗസംരക്ഷണ മന്ത്രി പ്രേംസിങ് പട്ടേൽ അറിയിച്ചു.
കേരളത്തിലും രാജസ്ഥാനിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് സംസ്ഥാനങ്ങളിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
പക്ഷികളില്‍ വരുന്ന വൈറല്‍ പനിയാണ് പക്ഷിപ്പനി. ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസാണ് (H5N1 വൈറസ്) പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാല്‍ പനി ബാധിത മേഖലയിൽ പക്ഷികള്‍ കൂട്ടത്തോടെ ചാകും. ദേശാടന പക്ഷികളുടെ കാഷ്ഠം വഴിയും വായുവിലൂടെയുമാണ് കൂടുതലും രോഗം പിടിപെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.