പക്ഷിപ്പനി: രാജസ്ഥാനിൽ കാക്കകൾ കൂട്ടമായി ചത്തുവീഴുന്നു; ജാഗ്രത പാലിക്കാൻ നിർദേശിച്ച് അധികൃതർ
text_fieldsജയ്പുർ: രാജസ്ഥാനിൽ പക്ഷിപ്പനി ഭീഷണി തുടരുന്നു. ജയ്പുരിലെ ജൽ മഹലിൽ ഞായറാഴ്ച ഏഴ് കാക്കകൾ കൂടി ചത്തുവീണതായി കണ്ടെത്തിയതോടെ മൃഗസംരക്ഷണ വകുപ്പ് വിവിധ ജില്ലകളിലേക്ക് അവരുടെ ടീമുകളെ അയക്കുകയും സ്ഥിതിഗതികൾ നിരീക്ഷിക്കാൻ സംസ്ഥാനതല കൺട്രോൾ റൂം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ ആകെ 252 കാക്കകളാണ് രാജസ്ഥാനിലെ വിവിധയിടങ്ങളിലായി ചത്തുവീണത്.
കോവിഡിനെതിരെ പോരാടുന്ന സാഹചര്യത്തിൽ പക്ഷിപ്പനി കൂടി കണ്ടെത്തിയത് രാജസ്ഥാൻ സർക്കാരിനെയും ജനങ്ങളെയും ആശങ്കയിലാഴ്ത്തിരിക്കുകയാണ്. എച്ച് 5 എൻ 1 വൈറസ് മൂലമുണ്ടാകുന്ന പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) പകർച്ചവ്യാധിയും മാരകവുമാണ്. പ്രധാനമായും കാക്കകൾക്കിടയിലാണ് ഇൗ വൈറസ് മൂലമുള്ള മരണങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും കോട്ട, ജോധ്പുർ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ കണ്ടെത്തിയതെന്നും അനിമൽ ഹസ്ബൻഡറി പ്രിൻസിപ്പൽ സെക്രട്ടറി കുഞ്ചി ലാൽ മീന പറഞ്ഞു.
"ഇൗ രോഗം അപകടകരമാണ്, അതിനാൽ തന്നെ ജനങ്ങൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ ഫീൽഡ് ഉദ്യോഗസ്ഥരോടും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴി ഫാമുടമകളോട് കൂടുതൽ ജാഗ്രത പുലർത്താൻ പ്രത്യേകമായി ആവശ്യപ്പെട്ടിരുന്നു. എല്ലാ സൈറ്റുകളിലും, പ്രത്യേകിച്ച് തണ്ണീർത്തടങ്ങൾ, സാമ്പർ തടാകം, കൈല ദേവി പക്ഷിസങ്കേതം എന്നിവിടങ്ങളിൽ മികച്ച നിരീക്ഷണം ഉറപ്പാക്കുന്നുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.
'കാക്കകളുടെ മരണം ആദ്യമായി റിപ്പോർട്ട് ചെയ്തത് ഡിസംബർ 25ന് ജലാവറിലായിരുന്നു. ചത്ത കാക്കകളുടെ സാമ്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ-സെക്യൂരിറ്റി അനിമൽ ഡിസീസസ് (NIHSAD)-ലേക്ക് അയച്ചതായും പക്ഷിപ്പനിയാണ് മരണകാരണമാണെന്ന് സ്ഥിരീകരിച്ചതായും കുഞ്ചി ലാൽ മീന കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാർച്ചിൽ ബിഹാറിലെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി മൂലം ഡസൻ കണക്കിന് കാക്കകൾ ചത്തത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2006-ൽ ഇതേ പനി ബാധിച്ച് മഹാരാഷ്ട്രയിൽ കോഴികൾ കൂട്ടമായി ചത്ത സംഭവവും ഭീതി പടർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.