ബിരേൻ സിങ്ങിന്റെ രാജിക്ക് സമ്മർദം, പ്രതിരോധിച്ച് ബി.ജെ.പി; പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് വിമർശനം
text_fieldsന്യൂഡൽഹി: രണ്ടര മാസമായി കലാപം തുടരുന്ന മണിപ്പൂരിൽ മെയ്തേയി-കുക്കി വിഭാഗങ്ങൾക്കിടയിൽ അനുരഞ്ജനത്തിന് വഴിതുറക്കുന്നതിന് മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റാൻ സമ്മർദം ശക്തം. രണ്ടു സ്ത്രീകളോടുള്ള അതിക്രൂരതയുടെ വിഡിയോ പുറത്തുവന്ന ശേഷം മണിപ്പൂരിൽ സ്ഥിതി മോശമായതിനെ തുടർന്നാണ് വീണ്ടും മുറവിളി. എന്നാൽ സ്ത്രീകൾക്കെതിരായ ഇത്തരം പീഡനം പശ്ചിമ ബംഗാൾ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കുന്നുണ്ടെന്ന വാദവുമായി പ്രതിരോധം തീർക്കാൻ ശ്രമിക്കുകയാണ് കേന്ദ്രം.
കലാപത്തിൽ മണിപ്പൂർ കത്തുമ്പോൾ ഒരു വിഭാഗത്തിന് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം നേരിടുന്ന ബിരേൻ സിങ്ങിനെ മാറ്റിക്കൊണ്ടല്ലാതെ സംസ്ഥാനത്ത് സമാധാന ശ്രമങ്ങൾ തുടങ്ങാൻപോലും കഴിയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏറെക്കുറെ സ്വീകാര്യനായ ഒരാളെ മുഖ്യമന്ത്രിയാക്കിയോ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയോ മാറ്റത്തിന്റെ അന്തരീക്ഷം ഉണ്ടാക്കി ഭരണത്തിൽ ജനവിശ്വാസം വീണ്ടെടുക്കുകയാണ് മുന്നോട്ടുള്ള വഴിയെന്ന് കരുതുന്നവർ ഏറെ. മുമ്പ് ഗുജറാത്തിലെന്നപോലെ കലാപം നടക്കുന്ന മണിപ്പൂരിൽ മുഖ്യമന്ത്രിയെ മാറ്റുന്നതിൽ മോദിസർക്കാർ രാഷ്ട്രീയ അപകടം മണക്കുന്നു. ബലാത്സംഗ വിഡിയോ പുറത്തുവന്നതോടെ മൗനം മുറിക്കേണ്ടിവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച വഴിക്ക് ബിരേൻ സിങ്ങിന് പ്രതിരോധം ഒരുക്കുകയാണ് ഇപ്പോൾ കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും.രാജസ്ഥാനിലോ ഛത്തിസ്ഗഢിലോ മണിപ്പൂരിലോ ആകട്ടെ, സ്ത്രീ സുരക്ഷയിൽ ജാഗ്രത കാണിക്കാൻ മുഖ്യമന്ത്രിമാരെ ഉപദേശിക്കുകയാണ് മോദി ചെയ്തത്.
ബംഗാളിലെ മാൽഡയിൽ രണ്ട് ഗോത്രവർഗ വനിതകളെ നഗ്നരാക്കി പീഡിപ്പിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രി മമത ബാനർജി മിണ്ടുന്നില്ലെന്നാണ് ഒരു വിമർശനം. രാജസ്ഥാനിലെ സുരക്ഷസ്ഥിതിയെ വിമർശിച്ചതിന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മന്ത്രിയെ പുറത്താക്കിയതും ബി.ജെപി ആയുധമാക്കി.അതേസമയം പാർലമെന്റ് സമ്മേളനത്തിൽ തുടർന്നും മണിപ്പൂർ വിഷയം ഉയർത്തി സർക്കാറിൽ സമ്മർദം മുറുക്കാനാണ് പ്രതിപക്ഷമായ ഇൻഡ്യ മുന്നണിയുടെ തീരുമാനം. ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ബി.ജെ.പി സഖ്യകക്ഷികളും മണിപ്പൂർ സർക്കാറിനെതിരാണ്. ബി.ജെ.പിക്കുള്ളിലും ശക്തമായ അമർഷമുണ്ട്. അന്താരാഷ്ട്ര പ്രതിച്ഛായയുടെ പ്രശ്നം പുറമെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.