'ബിരിയാണി കഴിച്ചാൽ കുട്ടികളുണ്ടാവില്ല'; തമിഴ്നാട്ടിൽ വിദ്വേഷപ്രചാരണവുമായി സംഘ്പരിവാർ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ മുസ്ലിം വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് സംഘ്പരിവാർ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ പുതിയ വിദ്വേഷ പ്രചാരണം. ബിരിയാണി കഴിച്ചാൽ കുട്ടികളുണ്ടാവില്ലെന്ന പ്രചാരണമാണ് സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം നടത്തുന്നത്. തമിഴ്നാട്ടിലെ മുസ്ലിം വ്യാപാരികൾ നടത്തുന്ന ബിരിയാണി സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് പ്രചാരണം. ഗോവധ നിരോധനം, ഹലാൽ ഭക്ഷണ വിവാദം തുടങ്ങിയവക്ക് പിന്നാലെയാണ് തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ സംഘടിത പ്രചാരണം. ട്വിറ്റർ, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പ്രചാരണം സജീവമാണെന്ന് 'ദ ന്യൂസ് മിനിറ്റ്' റിപ്പോർട്ടു ചെയ്യുന്നു.
ബിരിയാണിയിൽ ജനനനിയന്ത്രണ ഗുളികകൾ ചേർക്കുന്നു, ഹോട്ടൽ ഭക്ഷണത്തിൽ തുപ്പുന്നു തുടങ്ങിയ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇരുപതിനായിരം ഫോളോവേഴ്‌സുള്ള ഒരു ട്വിറ്റർ യൂസർ, ചെന്നൈയിലെ ബിരിയാണിക്കടകൾ വിവാഹം കഴിക്കാത്തവരെ ലക്ഷ്യമിടുന്നതായി ആരോപിച്ച് ദീർഘമായ കുറിപ്പിട്ടുണ്ട്. ഹിന്ദുക്കൾ വന്ധ്യതാ കേന്ദ്രങ്ങളിൽ വരി നിൽക്കുന്നതു പോലെയാണ് ഈ കടകളിൽ നിൽക്കുന്നത് എന്ന് ഇയാൾ ആരോപിക്കുന്നു. ഹിന്ദുക്കളെ വന്ധ്യംകരിക്കുക മാത്രമാണ് ഈ കടകളുടെ ഏകലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
'ചെന്നൈയിലെ നാൽപ്പതിനായിരം ബിരിയാണിക്കടകൾ ദേശത്തിന്റെ സംസ്‌കാരത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന്' മറ്റൊരു ട്വിറ്റർ യൂസർ പറയുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ അമ്പത് വർഷത്തിനു ശേഷം ദ ചെന്നൈ ഫയൽസിൽ നമ്മൾ ഇതിവൃത്തമാകുമെന്നും യൂസർ മുന്നറിയിപ്പു നൽകുന്നു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് സിനിമ ദ കശ്മീർ ഫയൽസിനെ സൂചിപ്പിച്ചാണ് ഇദ്ദേഹത്തിന്റെ ട്വീറ്റ്.
കഴിഞ്ഞ വർഷം ആഗസ്തിൽ രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഹൈവേകൾക്ക് സമീപമുള്ള മുസ്‌ലിം റസ്റ്ററൻഡുകളെ ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള പ്രചാരണം നടന്നിരുന്നു. ഭക്ഷണത്തിൽ വന്ധ്യതാ ഗുളികകൾ ചേർക്കുന്നു എന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ബിരിയാണി ജിഹാദ് ഇൻ കോയമ്പത്തൂർ എന്ന പേരിലും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടിരുന്നു. ചിത്രം വൈറലായതിന് പിന്നാലെ, വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് കോയമ്പത്തൂർ സിറ്റി പൊലീസ് പ്രസ്താവനയിറക്കിയിരുന്നു.
മുസ്‌ലിംകൾ ഹോട്ടൽ ഭക്ഷണത്തിൽ തുപ്പുന്നു എന്നാരോപിച്ച് നേരത്തെ കേരളത്തിൽ തീവ്ര ക്രിസ്ത്യൻ-ഹിന്ദു സംഘടനകൾ രംഗത്തുവന്നിരുന്നു. തുപ്പലില്ലാത്ത റസ്റ്ററൻഡുകളുടെ പട്ടികയും സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ സംഘ്പരിവാർ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
ഹലാൽ ഭക്ഷണം സാമ്പത്തിക ജിഹാദിന് സമാനമാണ് എന്നാണ് കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ഹലാൽ മാംസം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ചില ആർഎസ്എസ് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ചിക്കമഗളൂർ ജില്ലയിൽ ഉഗാദി ഉത്സവത്തിന് ഹലാൽ മാംസം വാങ്ങരുതെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ്ദൾ കടകളിലും വീടുകളിലും കഴിഞ്ഞ ദിവസം ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. മാംസാഹാരം കഴിക്കാത്ത ഒരു വിഭാഗം ഹിന്ദുക്കൾ ദൈവത്തിന് മാസം സമർപ്പിച്ചാണ് ഉഗാദി ആഘോഷിക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.