മണിപ്പൂരിൽ ക്രിസ്ത്യാനികൾക്കുനേരായ ആക്രമണത്തെ അപലപിച്ച് ഹൈദരാബാദ് ബിഷപ്
text_fieldsന്യൂഡൽഹി: സമാധാനം നിലനിന്നിരുന്ന മണിപ്പൂരിൽ ക്രിസ്ത്യാനികൾക്കുനേരെ നടന്ന ആക്രമണത്തെ അപലപിച്ച് ഹൈദരാബാദ് ആർച്ച് ബിഷപ് കർദിനാൾ ആന്റണി. വിശ്വാസികളായ ക്രിസ്ത്യാനികളും ജനാധിപത്യത്തെ പ്രതിരോധിക്കുന്നവരും അക്രമാസക്തമായി പ്രതികരിക്കരുതെന്ന് ആഹ്വാനം ചെയ്തു. ആക്രമണത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് കർദിനാൾ ആവശ്യപ്പെട്ടു.
നിരവധി ചർച്ചുകളും ചർച്ചിന്റെ സ്വത്തുക്കളും തീവെച്ചുനശിപ്പിച്ചുവെന്നും തകർത്തുവെന്നും റിപ്പോർട്ടുകളുണ്ടെന്നും ജനങ്ങൾ ഭയത്തിലാണ് ജീവിക്കുന്നതെന്നും ആർച്ച് ബിഷപ് പ്രസ്താവനയിൽ വ്യക്തമാക്കി. ജനജീവിതം, വിശിഷ്യാ ക്രിസ്ത്യാനികളുടേത് അപകടത്തിലാണ്. പലായനം ചെയ്യേണ്ടിവന്ന ക്രിസ്ത്യൻ സമുദായാംഗങ്ങൾ ഭീഷണിയിലാണ്. ക്രിസ്തുമതം എല്ലാ വിഭാഗം ജനങ്ങൾക്കുമിടയിൽ സ്നേഹവും സമാധാനവും സൗഹാർദവും പ്രോത്സാഹിപ്പിക്കുന്ന വിശ്വാസമാണെന്നും എന്നാൽ ക്രിസ്ത്യാനികൾക്കുനേരെ അവരുടെ വിശ്വാസത്തിന്റെ പേരിൽ മാത്രം അക്രമവും വിവേചനവും വർധിച്ചുവരുന്നത് വേദനാജനകമാണെന്നും ആർച്ച് ബിഷപ് ചൂണ്ടിക്കാട്ടി.
സർക്കാറും ബന്ധപ്പെട്ട കക്ഷികളും നയതന്ത്ര ശ്രമങ്ങളിലും സംഭാഷണങ്ങളിലും സമാധാനപരമായ ചർച്ചകളിലും പങ്കാളികളാകണമെന്നും ആർച്ച് ബിഷപ് ആവശ്യപ്പെട്ടു. വിശ്വാസത്തിനതീതമായി എല്ലാ വ്യക്തികൾക്കും സമാധാനത്തിലും സൗഹാർദത്തിലും ജീവിക്കാൻ കഴിയുന്ന തരത്തിൽ മതസഹിഷ്ണുതയുടെയും ബഹുമാനത്തിന്റെയും പരസ്പരധാരണയുടെയും അന്തരീക്ഷം അതിലൂടെ സൃഷ്ടിച്ചെടുക്കാൻ കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.