മൊബൈൽ റെയ്ഞ്ച് പോയി; സിം മാറ്റിയപ്പോൾ അക്കൗണ്ടിലെ 64 ലക്ഷം കാണാനില്ല!
text_fieldsജയ്പൂർ: ബിസിനസ് പാർട്ണർമാരായ രണ്ട് പേരുടെ മൊബൈൽ സിംകാർഡ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ പ്രവർത്തന രഹിതമായി. തുടർന്ന് അതേ നമ്പറുകളിൽ പുതിയ സിം കാർഡെടുത്തു. രണ്ടുദിവസം കഴിഞ്ഞ് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഇരുവരും ഞെട്ടിപ്പോയി! തങ്ങളുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 64 ലക്ഷം രൂപ കാണാനില്ല!! ഫോൺ ഹാക്ക് ചെയ്താവാം സൈബർമോഷണസംഘം പണം തട്ടിയതെന്ന് സംഭവത്തിൽ കേസെടുത്ത ജയ്പൂർ സിറ്റി പൊലീസ് പറഞ്ഞു.
തട്ടിപ്പിനിരയായ രാകേഷ് തടുക്ക (68) എന്ന ബിസിനസുകാരനാണ് ജയ്പൂർ സൈബർ പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് രാകേഷ് തടുക്കയുടെ മൊബൈൽ ഫോണിന് റെയ്ഞ്ച് നഷ്ടപ്പെട്ടു. തന്റെ ബിസിനസ്സ് പങ്കാളിയുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ഫോണിലും ഇതേ തകരാർ ഉള്ളതായി അറിഞ്ഞു. ഇരുവരും അടുത്ത ദിവസം ടെലികോം കമ്പനിയുടെ ഓഫിസ് സന്ദർശിച്ചു. സിം തകരാർ ആയതാണെന്നും പുതിയ സിം വാങ്ങിയാൽ പരിഹരിക്കാമെന്നും കമ്പനി സ്റ്റാഫ് പറഞ്ഞതിനെ തുടർന്ന് പുതിയ സിം വാങ്ങി. ഇവരുടെ പഴയ നമ്പറിൽ തന്നെയാണ് രണ്ട് പുതിയ സിം കാർഡുകളും ലഭിച്ചത്.
പിന്നീട് ഓൺലൈൻ ബാങ്കിങ് ആപ്പ് വഴി സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിക്കാൻ തുനിഞ്ഞപ്പോൾ ലോഗിൻ ചെയ്യാനായില്ല. രാകേഷ് തടുക്കയുടെ സ്വകാര്യ അക്കൗണ്ടിനും ഇതേ പ്രശ്നം നേരിട്ടു. സംശയം തോന്നി ബാങ്കിന്റെ കസ്റ്റമർ കെയർ ഹെൽപ്പ് ലൈനിൽ വിളിച്ച്, ബാലൻസ് അന്വേഷിച്ചപ്പോഴാണ് 64 ലക്ഷം രൂപ നഷ്ടപ്പെട്ടതായി അറിയുന്നത്. സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ 300 രൂപയും തടുക്കയുടെ അക്കൗണ്ടിൽ 700 രൂപയുമാണ് ബാക്കിയുണ്ടായിരുന്നത്.
കേസിൽ അന്വേഷണം നടന്നുവരികയാണെന്നും രണ്ട് മൊബൈൽ ഫോണുകളും വിശദമായി പരിശോധിച്ചാൽ മാത്രമേ ഹാക്കിങ്ങിനെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു. സാങ്കേതിക വിശദാംശങ്ങൾ പൊലീസ് പരിശോധിക്കുന്നതായി എസ്.എച്ച്.ഒ സതീഷ് ചന്ദ് പറഞ്ഞു.
"ഒരേസമയം രണ്ട് മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു സാധ്യതയും തള്ളിക്കളയാനാവില്ല' -പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.