പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി ബി.ജെ.പി
text_fieldsന്യൂഡൽഹി: പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപരമായ മതവിശ്വാസത്തെ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തെറ്റായ അവകാശവാദമുന്നയിക്കാൻ ഉപയോഗിക്കുന്നു എന്ന് ബി.ജെ.പി ആരോപിച്ചു. കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരിയും അർജുൻ റാം മേഘ്വാളും പാർട്ടി നേതാക്കളായ അനിൽ ബനുലി, ഓം പഥക് എന്നിവരടങ്ങുന്ന പ്രതിനിധി സംഘം പ്രിയങ്കക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.
ഒക്ടോബർ 20ന് പ്രിയങ്ക നടത്തിയ പ്രസംഗത്തിൽ നരേന്ദ്രമോദി ക്ഷേത്രത്തിന് നൽകിയ സംഭാവനയുടെ കവർ തുറന്നപ്പോൾ 21 രൂപമാത്രമാണ് ഉണ്ടായിരുന്നതെന്ന് ടി.വിയിൽ കണ്ടെന്നും ഇത് ശരിയാണോ എന്നിറിയില്ലെന്നും പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഒന്നും ഉണ്ടാവില്ലെന്നാണ് ആ കവറുകൾ കാണിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
നിയമപ്രകാരം പ്രിയങ്ക ചെയ്തത് കുറ്റമാണെന്ന് കേന്ദ്രമന്ത്രിമാർ പറഞ്ഞു. പ്രിയങ്ക ഗാന്ധി നിയമത്തിന് അതീതയാണോ എന്നും പ്രശ്നങ്ങളുണ്ടാക്കാൻ മതവികാരങ്ങൾ ഉപയോഗിക്കുന്നുവെന്നും മേഘ്‌വാൾ പറഞ്ഞു. മോദിയുടെ സംഭാവനയുമായി ബന്ധപ്പെട്ട അവകാശവാദം നുണയാണെന്നും ജനുവരിയിൽ പ്രധാനമന്ത്രി നടത്തിയ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഇപ്പോഴും കള്ളം ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപരമായ മതവിശ്വാസം വിളിച്ചോതിക്കൊണ്ട് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാന അടിത്തറയെ ലംഘിച്ചിരിക്കുന്നുവെന്ന് ബി.ജെ.പി നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.