ബംഗാളിൽ ബി.ജെ.പിക്ക് നേട്ടങ്ങളുടെ വാരം; തിരിച്ചടിയുടെയും
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ ഏതുവിധേനയും അധികാരത്തിൽ നിന്നിറക്കണമെന്ന ലക്ഷ്യത്തിൽ പശ്ചിമ ബംഗാളിൽ സകല കളികളും പയറ്റുന്ന ബി.ജെ.പിക്ക് കടന്നുപോയത് നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും വാരം. തൃണമൂലിലെ ചില അതികായന്മാരടക്കം ഒരുപിടി നേതാക്കൾ ബി.ജെ.പിയിലേക്ക് കൂടുമാറിയത് നേട്ടമായപ്പോൾ, പങ്കെടുക്കുമെന്ന് അറിയിച്ച ഒരു പൊതു സമ്മേളനത്തിൽനിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവസാന നിമിഷം മാറിയത് തിരിച്ചടിയുമായി. ബംഗ്ലാദേശിൽനിന്ന് കുടിയേറിയവരുടെ പിന്മുറക്കാരായ മട്വ സമുദായത്തിന് മേൽക്കൈയുള്ള, 24 പർഗാനാസ് ജില്ലയിലെ താക്കൂർനഗറിലെ പരിപാടിയാണ് അമിത്ഷാ റദ്ദാക്കിയത്. പൗരത്വ പ്രതീക്ഷ നൽകി ബി.ജെ.പി തങ്ങളിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്ന മട്വ സമുദായം, ആഭ്യന്തര മന്ത്രി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു. അമിത് ഷാ വരാതിരുന്നതോടെ, തങ്ങൾക്കായി ബി.ജെ.പിക്ക് ഒന്നും വാഗ്ദാനം ചെയ്യാനില്ലാത്തതുകൊണ്ടാണ് അദ്ദേഹം പരിപാടി റദ്ദാക്കിയത് എന്നാണ് സമുദായ നേതാക്കൾ പ്രതികരിച്ചത്. ഈ പരിപാടിയിൽ വെച്ച് ബി.ജെ.പിയിൽ അംഗത്വമെടുക്കാൻ നിശ്ചയിച്ചിരുന്ന ഏതാനും തൃണമൂൽ നേതാക്കളെ രായ്ക്കുരാമാനം പ്രത്യേക വിമാനം ചാർട്ടർ ചെയ്ത് ഡൽഹിയിൽ അമിത് ഷായുടെ വസതിയിലെത്തിച്ച് അവിടെ വെച്ച് അദ്ദേഹത്തിൽനിന്ന് അംഗത്വം ഏറ്റുവാങ്ങിയ കൗതുകകരമായ സംഭവവും ഇതിനിടെ ഉണ്ടായി. അന്നുതന്നെ ബി.ജെ.പിയിൽ ചേർന്ന് അതേ വിമാനത്തിൽ നേതാക്കളെ തിരിച്ച് ബംഗാളിലെത്തിക്കാനും കനപ്പെട്ട ഭണ്ഡാരമുള്ള ബി.ജെ.പിക്ക് പ്രയാസമുണ്ടായില്ല.
മമത ബാനർജി മന്ത്രിസഭയിൽ ജലസേചന- ജലഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന രാജീവ് ബന്ദോപാധ്യായയുടെ വരവാണ് ബി.ജെ.പിയെ ഏറ്റവും കൂടുതൽ ആവേശംകൊള്ളിച്ചത്. കൊൽക്കത്തയിൽ ഹൂഗ്ലി നദിക്കപ്പുറമുള്ള ദുമുർജ്വലയിൽനിന്നുള്ള ഈ സാമാജികൻ മികച്ച പ്രസംഗകൻകൂടിയാണ്. കൂടാതെ മറ്റു നാലുപേരും 'ദീദി'യെ വിട്ട് കാവി ക്യാമ്പിലെത്തി. എം.എൽ.എമാരായ പ്രഭിർ ഘോഷാൽ, ബൈശാഖി ഡാൽമിയ, ഹൗറ മുൻ േമയർ രതിൻ ചക്രബർത്തി, റാണാഘട്ട് നഗരസഭാധ്യക്ഷൻ പാർഥസാരഥി ചാതോപാധ്യായ് എന്നിവരാണ് മറുകണ്ടം ചാടിയത്. ഇതിനു പുറമെ, മമതയുമായി ഏറെ അടുപ്പമുള്ള നടൻ രുന്ദ്രനീൽ ഘോഷും ബി.ജെ.പി ക്യാമ്പിലെത്തി.
അതേസമയം, 'മത്സരിക്കാൻ ടിക്കറ്റ് കിട്ടാത്തവരാണ് പാർട്ടി വിടുന്നതെ'ന്നും 'അരയാലിൽനിന്ന് ഇല പൊഴിഞ്ഞാൽ അരയാലിന് എന്തു സംഭവിക്കാനാ'ണെന്നും ചോദിച്ച് കൊഴിഞ്ഞുപോക്കിെന നിസ്സാരവത്കരിച്ചിരിക്കുകയാണ് തൃണമൂൽ നേതാക്കളും മമത ബാനർജിതന്നെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.